സ്വന്തം ലേഖകൻ
ഇന്നലെ കടനാട് ഗ്രാമപഞ്ചായത്തിലെ കടനാട്, വല്യാത്ത് ഭാഗങ്ങളില്‍ നിരവധി പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. തിരുവല്ലയിലെ വെറ്ററിനറി ക്ലിനിക്കല്‍ നടത്തിയ പരിശോധനയില്‍ ഈ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, വെറ്ററിനറി സര്‍ജന്‍ ഡോ. സുനില്‍ എന്നിവര്‍ പറഞ്ഞു.
നായയ്ക്ക് പേവിഷബാധ ഉണ്ടെന്നറിഞ്ഞതോടെ കടനാട് മേഖലയിലെ ജനജീവിതം ആശങ്കയിലായി. ഇവിടെ രണ്ട് കോളനികളിലേത് ഉള്‍പ്പെടെ നിരവധി വളര്‍ത്തുനായ്ക്കളെയും, തെരുവുനായ്ക്കളെയും, മറ്റ് വളര്‍ത്തുമൃഗങ്ങളെയും പേവിഷബാധയുള്ള നായ കടിച്ചിരുന്നു. ഇതാണ് ജനങ്ങളെ ഭയവിഹ്വലരാക്കുന്നത്.
ഇതേസമയം പരിഭ്രാന്തി വേണ്ടെന്നും എന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും തെരുവുനായയുടെ കടിയേറ്റ മറ്റ് നായ്ക്കളെയും വളര്‍ത്തുമൃഗങ്ങളെയും പ്രത്യേകം നിരീക്ഷിക്കണമെന്നും ഇന്നലെ കോളനികളില്‍ കയറിയിറങ്ങി പഞ്ചായത്ത് അധികൃതരും കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധികാരികളും മൃഗഡോക്ടറും ജനങ്ങളെ അറിയിച്ചു. ഇതോടൊപ്പം കടനാട്ടിലും പരിസര പ്രദേശങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റും ഇന്നലെ നടത്തി.
പഞ്ചായത്തില്‍ അലഞ്ഞുതിരിയുന്ന മുഴുവന്‍ നായ്ക്കളെയും പിടികൂടി പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ കൊടുക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാല്‍നടയാത്രക്കാരും മറ്റും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കോളനികളിലും സമീപത്തെ വീടുകളിലും കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ. മാത്യു, ഹെഡ്മാസ്റ്റര്‍ സജി തോമസ്, മൃഗഡോക്ടര്‍ സുനില്‍ എന്നിവരെത്തിയാണ് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
നാടാകെ എല്ലാവരെയും കടിച്ച് വിളയാടിയ തെരുവുനായയെ ഒടുവില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.




0 Comments