പുലിപ്പേടിയില്‍ പെരുവന്താനം .... ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാര്‍

 

പെരുവന്താനം പഞ്ചായത്തിലെ കൊങ്ങാട് മേഖലയും പുലിപ്പേടിയിലേക്ക്. മേഖലയില്‍ പുലിയിറങ്ങിയതായി സംശയം. കഴിഞ്ഞ ദിവസം പ്രദേശവാസിയായ മുണ്ടത്താനം ഫിലിപ്പിന്റെ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നനിലയില്‍ കണ്ടെത്തി. രാത്രിയില്‍ വീടിനോടു ചേര്‍ന്ന് കെട്ടിയിരുന്ന ആടിനെ കടിച്ചുകൊന്ന് പാതി ഭക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. 


സംഭവസ്ഥലത്ത് എത്തിയ വനപാലകര്‍ സ്ഥലം നിരീക്ഷിച്ച് കാമറകള്‍ സ്ഥാപിച്ചു. പുലിയോ പുലിക്ക് സമാനമായ മറ്റു മൃഗങ്ങളോ ആകാം ആടിനെ കടിച്ചു കൊന്നതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. സാധാരണക്കാരായ കര്‍ഷക കുടുംബങ്ങള്‍ മാത്രം അധിവസിക്കുന്ന മേഖലയാണ് കൊങ്ങാട്. 


 പെരുവന്താനം പഞ്ചായത്തിലെ യാത്രാക്ലേശം രൂക്ഷമായ സ്ഥലങ്ങളിലൊന്നുമാണ്. റോഡിന്റെ ദുരവസ്ഥമൂലം യാത്രാദുരിതം അനുഭവിക്കുന്ന പെരുവന്താനം ആനചാരി നിവാസികള്‍ക്ക് യാതൊരു സഹായവും അധികാരികളുടെ ഭാഗത്തുനിന്നും ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് പുലിഭീതികൂടി എത്തുന്നത്. ആടിനെയും പശുവിനെയും വളര്‍ത്തുന്ന നിരവധി കര്‍ഷകര്‍ പ്രദേശത്തുണ്ട്. 


കൊങ്ങാട് പുലിയിറങ്ങിയെന്ന പ്രചാരണത്തിന് പിന്നാലെ സമീപസ്ഥലങ്ങളായ ആനചാരി, അമലഗിരി, അഴങ്ങാട് പ്രദേശങ്ങളിലുള്ളവരും ഭീതിയിലാണ്. സമീപത്തെങ്ങും വനമേഖലയില്ലാത്ത ഇവിടെ പുലി എങ്ങനെ എത്തിയെന്ന ചോദ്യവും ബാക്കിയാവുകയാണ്.


 പെരിയാര്‍ വന്യജീവി സങ്കേതത്തില്‍നിന്നു കണയങ്കവയല്‍ അമലഗിരി പ്രദേശത്തുകൂടി എത്തിയതാണെന്ന നിഗമനവുമുണ്ട്. ഏതാനും മാസം മുമ്പ് അമലഗിരിയില്‍ ജനവാസ മേഖലയില്‍ കാട്ടാന എത്തിയിരുന്നു. പിന്നീട് വനംവകുപ്പ് തുരത്തി ഓടിക്കുകയായിരുന്നു. മേഖലയില്‍ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments