കരിമണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ സാമൂഹ്യദ്രോഹികളുടെ ആക്രമണം പതിവാകുന്നതായി പരാതി.
കഴിഞ്ഞ ദിവസം കരിമണ്ണൂര്‍ ടൗണിലെ വ്യാപാരസ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരെയും അസഭ്യം പറയുകയും സമീപത്തെ വീട്ടില്‍ നിന്നും തൂന്പ എടുത്തുകൊണ്ടുവന്ന് കടയുടെ മുന്‍വശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കടയിലുള്ളവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
വഴിയാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സാമൂഹികവിരുദ്ധരില്‍ നിന്നും ഉണ്ടാകുന്നത്. ഇതിന് മുന്‍പും ഈ കടയില്‍ അക്രമം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ കുറുന്പാലമറ്റത്തുള്ള കടയിലും സമാന രീതിയിലുള്ള സംഭവമുണ്ടായി.
കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ ഏതാനും യുവാക്കള്‍ കടയുടമയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ അദ്ദേഹത്തെ അസഭ്യം പറയുകയും കടയിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ഇത്തരത്തില്‍ തുടരെയുണ്ടാകുന്ന സാമൂഹ്യദ്രോഹികളുടെ ആക്രമണങ്ങള്‍ കടയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും കുറ്റക്കാരുടെമേല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ച് നിയമത്തിനു മുന്പില് കൊണ്ടുവരാനും പോലീസ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കരിമണ്ണൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
0 Comments