മധ്യവര്‍ഗം ഗുരുതര കടക്കെണിയില്‍.....ചെലവ് കൂടുന്നു.... വരുമാനത്തില്‍ വര്‍ധനയില്ല…


  ഇന്ത്യന്‍ മധ്യവര്‍ഗം സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണോ? പ്രതിസന്ധിയുടെ തീവ്രതയെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും ഒരു കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. മധ്യവര്‍ഗം കടക്കെണിയില്‍ അകപ്പെടുകയാണ്. 

 കോവിഡിന് ശേഷം ഇന്ത്യയിലെ കുടുംബങ്ങളുടെ ആകെ കടത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഉയര്‍ന്ന ചികിത്സാ ചെലവുകള്‍, ഉയര്‍ന്ന വാടക, അവശ്യസാധനങ്ങളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിലക്കയറ്റം എന്നിവയ്‌ക്കൊപ്പം വരുമാനവും സമ്പാദ്യവും കുറഞ്ഞതാണ് കാരണം. ചെലവുകള്‍ കൂടുന്നതിനനുസരിച്ച് അവരുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. 

 അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം അഞ്ച് ഇന്ത്യക്കാരില്‍ നാല് പേര്‍ക്കും ഇപ്പോഴുള്ള വരുമാനം നിലച്ചാല്‍ കയ്യില്‍ പണമൊന്നും മിച്ചമുണ്ടാകില്ല. പെന്‍ഷനോ സമ്പാദ്യമോ ഇല്ലാതെ പലരും വിരമിക്കും. അതേസമയം ചെലവുകള്‍ കുതിച്ചുയരുകയും ചെയ്യും. നിലവിലെ പണപ്പെരുപ്പ നിരക്കില്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ ചെലവുകള്‍ ഇരട്ടിയാകും. ചികിത്സാ ചെലവുകള്‍ അതിവേഗമാണ് കൂടിക്കൊണ്ടിരിക്കുന്നത്. മധ്യവര്‍ഗത്തിന്റെ ഭാവി അപകടത്തിലാണെന്ന് സാമ്പത്തിക ഉപദേശകനായ മോഹിത് ബെരിവാല മുന്നറിയിപ്പ് നല്‍കുന്നു. ”നമ്മള്‍ ഭാവിയിലെ ഒരു പ്രശ്നത്തെ കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ തന്നെ നമുക്കിടയില്‍ അതുണ്ട്,” അദ്ദേഹം പറയുന്നു .



 ചെലവഴിക്കല്‍ ശീലങ്ങളില്‍ ആശങ്ക അനാവശ്യത്തിനായി ചെലവഴിക്കുന്നതാണോ മധ്യവര്‍ഗത്തിന്റെ പ്രശ്നം? 

പലരും ഇതിനെ വളരെ വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസ്വസ്ഥതപ്പെടുത്തുന്ന പ്രവണതയായി കാണുന്നു. നിക്ഷേപ വിദഗ്ധനായ അഭിജിത് ചോക്ഷി പറയുന്നു; ”സമീപ വര്‍ഷങ്ങളില്‍ മധ്യവര്‍ഗം സമ്പന്നരായി കാണപ്പെടാന്‍ ആഗ്രഹിക്കുന്നു”. ആഡംബര വസ്തുക്കള്‍ വാങ്ങുന്നവരില്‍ 75 ശതമാനം പേരും 20 ലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനം ഉള്ളവരാണ്. ഇന്ന് ആഡംബര വസ്തുക്കളുടെ 67 ശതമാനം വാങ്ങലുകളും നടക്കുന്നത് കടം വാങ്ങിയ പണംകൊണ്ടാണ്. 

 മധ്യവര്‍ഗം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച്, മധ്യവര്‍ഗ ജീവിത ശൈലിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വിസ്ഡം ഹാച്ചിന്റെ സ്ഥാപകനും സിഇഒയുമായ അക്ഷത് ശ്രീവാസ്തവ മുന്നറിയിപ്പ് നല്‍കുന്നു; ”ലോകമെമ്പാടും കടുത്ത തൊഴില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. നിലവിലെതൊഴില്‍ സേനയുടെ വലിയൊരു വിഭാഗത്തിന്റെയും ജോലി എ ഐ ഏറ്റെടുക്കും. സാങ്കേതിക വിദ്യാരംഗത്ത് ഏറെ പേര്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെയാകും ഇത് കൂടുതല്‍ ബാധിക്കുക. ഓരോ രാജ്യവും സ്വന്തം ജനങ്ങളെ ആദ്യം സംരക്ഷിക്കും,” ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. 

 മധ്യവര്‍ഗത്തിന്റെ ചെലവഴിക്കല്‍ ശീലങ്ങളെ കുറിച്ച് പലരും ആശങ്കപ്പെടുന്നു. ”അവര്‍ സ്വന്തം തകര്‍ച്ചയില്‍ പങ്കാളികളാണ്. കടം വാങ്ങുന്നതാണ് സൗകര്യപ്രദമെന്നും സ്റ്റാറ്റസ് അത്യാവശ്യമാണെന്നുമുള്ള മനോഭാവത്തിലേക്ക് അവര്‍ മാറി,” മുംബൈ ആസ്ഥാനമായുള്ള ഡാറ്റ സയന്റിസ്റ്റ് മുനീഷ് ഗോസര്‍ പറയുന്നു. ആഗ്രഹങ്ങളെല്ലാം ആവശ്യമായ കാര്യമാണെന്നാണ് അവരില്‍ പലരും കരുതുന്നത്. ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും കടം ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വയസ് മുപ്പതുകളിലും നാല്‍പ്പതുകളിലും എത്തിയവര്‍ അവരുടെ വരുമാനം കുറവാണെങ്കിലും ഇലക്ട്രോണിക്സ്, കാര്‍, അവധിക്കാല യാത്രകള്‍ എന്നിവയ്ക്കായി ഏറെ പണം ചെലവഴിക്കുന്ന കാഴ്ച സാധാരണമായിരിക്കുന്നു. 


 മാറണം സംരംഭകത്വ അവസരങ്ങളിലേക്ക് 

 ഇന്ത്യയിലെ മധ്യവര്‍ഗം സാമ്പത്തിക പ്രതിസന്ധിയിലേക്ക് അറിയാതെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മര്‍സെല്ലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകന്‍ സൗരഭ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കുന്നു. സാങ്കേതികവിദ്യാ രംഗത്ത് വ്യാപകമായ തൊഴില്‍ നഷ്ടം നേരിടുന്നതിന് രാജ്യം ഇപ്പോഴും സജ്ജമായിട്ടില്ല. സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ്, ഓട്ടോമേഷന്‍, എഐയുടെ കടന്നുകയറ്റം, വേതന വളര്‍ച്ചയിലെ സ്തംഭനാവസ്ഥ തുടങ്ങിയവ മൂലം ശമ്പളക്കാരായ മധ്യവര്‍ഗത്തിന്റെ കാലം അവസാനിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 

 ഇന്ത്യക്കാര്‍ സംരംഭകത്വ അവസരങ്ങളിലേക്ക് മാറേണ്ടതുണ്ടെന്നാണ് ഇത് കാട്ടുന്നത്. ”ഇന്ത്യയിലെ മധ്യവര്‍ഗത്തിന് മുന്നില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കമ്പനി എന്ന ചോയ്സ് ഇനിയില്ല. സ്വയം തൊഴില്‍ നേടുക, സാമ്പത്തികമായി സുരക്ഷിതരാകുക എന്നത് മാത്രമേയുള്ളൂ. ബിരുദം പൂര്‍ത്തിയാക്കുക, ജോലി നേടുക എന്നതില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കുക, തൊഴില്‍ സൃഷ്ടിക്കുക എന്നതിലേക്ക് ഇന്ത്യ മാറേണ്ടതുണ്ട്,” അദ്ദേഹം പറയുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments