ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നു വൈകിട്ട് ആറോടെ കോട്ടയത്തെത്തും.
നാളെ രാവിലെ കോട്ടയം പുതുപ്പള്ളിയില്‍ നടക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണു രാഹുലെത്തിയത്. കുമരകം താജ് ഹോട്ടലിലാണു രാഹുലിന്റെ താമസം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നാളെ പുതുപ്പള്ളിയില്‍ വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പുതുപ്പള്ളി പള്ളി മൈതാനത്തു പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പന്തലില്‍ നാളെ രാവിലെ 9 ന് പുഷ്പാര്‍ച്ചനയോടെ ആരംഭിക്കുന്ന അനുസ്മരണയോഗം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. കുമരകത്തു നിന്നു റോഡ് മാര്‍ഗം പുതുപ്പള്ളി എത്തിച്ചേരുന്ന രാഹുല്‍ ഗാന്ധി പള്ളിമുറ്റത്തെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ്, അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുക. അനുസ്മരണ യോഗത്തില്‍ യു.ഡി.എഫ് നേതാക്കന്മാരും വിവിധ മതമേലധ്യന്മാരും സാമൂഹിക - സാംസ്‌കാരിക മേഖലയിലെ പ്രമുഖവ്യക്തികങ്ങളും പങ്കെടുക്കും.
അനുസ്മരണ സമ്മേളനത്തില്‍ വച്ച് ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായി കെ.പി.സി.സി ആരംഭിക്കുന്ന സ്മൃതി തരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും, ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 11 വീടുകളുടെ താക്കോല്‍ദാനവും, ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി സ്‌പോര്‍ട്‌സ് അരീന മീനടം സ്‌പോര്‍ട്‌സ് ടറഫിന്റെ നിര്‍മ്മാണം ഉദ്ഘാടനവും നടക്കും. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണു ചടങ്ങുകള്‍ക്കായി പള്ളി മൈതാനത്ത് ക്രമീകരിക്കുന്നത്.
0 Comments