മണ്ണിലിറങ്ങി ഡോക്ടറും സ്വീപ്പറും: കാടുകയറിയ ഇടം ഇപ്പോള്‍ പുല്‍മേട...






സുനില്‍ പാലാ

ഡോക്ടറും സ്വീപ്പറും മണ്ണില്‍ പണിയെടുത്തു; മലിനസ്ഥലം ഇപ്പോള്‍ പുല്‍മേട. പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയുടെ പേവാര്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലമാണ് ആശുപത്രിയിലെ ഫിസിഷ്യനായ ഡോ. പി.എം. ഷാനുവും പാര്‍ട് ടൈം സ്വീപ്പറായ ഹരികുമാര്‍ മറ്റക്കരയും ചേര്‍ന്ന് പച്ചപ്പുല്‍മേടയാക്കി മാറ്റിയത്. 

പേവാര്‍ഡിനോട് ചേര്‍ന്ന് കാരുണ്യ ഫാര്‍മസിയിലേക്കുള്ള കയറ്റം കയറുന്നതിന്റെ രണ്ട് വശവും കാട്ടുപള്ളകളും ഇടയ്ക്കിടെ ചില പുല്‍ച്ചെടികളുമൊക്കെയായി മലിനമായി കിടക്കുകയായിരുന്നു. ഈ ഭാഗം നന്നാക്കി പച്ചപ്പുല്ല് നട്ടുപരിപാലിച്ച് ഉദ്യാനമാക്കണെന്ന ചിന്ത കഴിഞ്ഞ ഡിസംബറില്‍ ഡോ. ഷാനുവും സ്വീപ്പറായ ഹരികുമാര്‍ മറ്റക്കരയും ചേര്‍ന്ന് പങ്കുവച്ചു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷിനെ അറിയിച്ചപ്പോള്‍ ഇദ്ദേഹത്തിനും നൂറുവട്ടം സമ്മതം. 
 
 
അങ്ങനെ തൊട്ടടുത്ത ഞായറാഴ്ച തൂമ്പയും കൊട്ടയുമൊക്കെയായി ഡോ. പി.എം. ഷാനും സ്വീപ്പര്‍ ഹരികുമാര്‍ മറ്റക്കരയും തൊടിയിലിറങ്ങി. മാലിന്യം നീക്കുക എന്നുള്ളതുതന്നെ വലിയ പണിയായിരുന്നു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമായാണ് ഇത് ചെയ്തത്. 
 

 
ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍തന്നെ ഡോ. അരുണ്‍, ഡോ. രേഷ്മ, നഴ്സിംഗ് സൂപ്രണ്ട് ഷെറീഫ വി.എം., എച്ച്.ഐ.സി. ഓഫീസര്‍മാരായ രാജു വി.ആര്‍., സിന്ധു പി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സഹജീവനക്കാരും പിന്തുണയുമായെത്തി. വൃത്തിഹീനമായി കിടന്ന ചെടികളും മരങ്ങളും മറ്റും വെട്ടിനീക്കി മണ്ണ് കിളച്ച് കല്ലുകളും മറ്റും നീക്കി വൃത്തിയാക്കിയെടുത്തു. 

കഴിഞ്ഞ ജൂലൈ മാസത്തോടെ പച്ചപ്പുല്ല് പടര്‍ത്തി ഇതിപ്പോള്‍ പച്ചപരവതാനി പോലെ മനോഹരമായി. 


ഒരുകാലത്തെ മാലിന്യ കേന്ദ്രത്തില്‍ ഇപ്പോള്‍ ഫോട്ടോഷൂട്ടിന് തിരക്ക്. 

ആശുപത്രിയിലെ പ്രധാന പ്രവേശന കവാടത്തിന് അടുത്തായതിനാല്‍ തട്ടുതട്ടായുള്ള ഈ പുല്‍മേടയില്‍ ഇപ്പോള്‍ ഫോട്ടോ ഷൂട്ടിനും മറ്റുമായി പലരും എത്തുന്നുണ്ട്. പച്ചപ്പുല്‍ ഗാര്‍ഡന്റെയും ഗാര്‍ഡന്‍ ക്ലബ്ബിന്റെയും ഉദ്ഘാടനം കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. റ്റി. അഭിലാഷ് നിര്‍വ്വഹിച്ചു. 
 
സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിന്ധു കെ.വി., ഡപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ഷീന ജോര്‍ജ്ജ്, സ്റ്റാഫ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോണിക്കുട്ടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മാലിന്യകേന്ദ്രം മാറ്റി പുല്‍മേടയാക്കിയ ഡോ. പി.എം. ഷാനുവിനെയും ഹരികുമാര്‍ മറ്റക്കരയെയും സൂപ്രണ്ട് ഡോ. റ്റി. അഭിലാഷ് പൊന്നാട അണിയിച്ചാദരിച്ചു. 
 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments