ഇന്ന് വിജയദശമി....ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ഇന്ന് എത്തുന്നത്.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടത്തി. ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലും മലപ്പുറത്ത് തുഞ്ചൻപറമ്പ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നതോടെ വിദ്യാരംഭമായി എന്നാണ് വിശ്വാസം. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഇന്ന് വിദ്യാരംഭത്തോടെ പരിസമാപ്തിയിൽ എത്തുകയാണ്. അസുര രാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി. കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമാണ് വിജയദശമി ദിവസമായി ആഘോഷിക്കുന്നത്.
വടക്കു-തെക്കു സംസ്ഥാനങ്ങളിൽ രാവണനു മേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെ ആഘോഷമായാണ് വിജയദശമി. കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്നു ദുർഗ ദേവി വിജയം വരിച്ച കാലമാണു വിജയദശമി എന്നാണു സങ്കൽപം. ത്രൈലോക്യങ്ങൾ കീഴടക്കി വാണ അസുരരാജാവായിരുന്ന മഹിഷാസുരൻ സ്വർഗത്തിൽ നിന്ന് ഇന്ദ്രനെയും ദേവകളെയും ആട്ടിപ്പായിച്ചു. ദേവന്മാർ ത്രിമൂർത്തികളായ ബ്രഹ്‌മാ-വിഷ്‌ണു- പരമേശ്വരൻമാർക്കു മുൻപിൽ സങ്കടമുണർത്തിച്ചു. എല്ലാ ദേവകളുടെയും ശക്തി ഒന്നിച്ചു ചേർന്നു ദുർഗ ദേവി രൂപമെടുത്തു. തിന്മയ്ക്കു മേൽ നന്മ വിജയം നേടിയ ദിനം എന്ന് ആണ് പൊതുവെ ഈ ദിനം കരുതപ്പെടുന്നത്.





0 Comments