ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ

 ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്‍ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടു കൂടി മകം എഴുന്നള്ളിപ്പ്. പിന്നീട് ക്ഷേത്രാങ്കണത്തിൽ തിരിച്ചെഴുന്നള്ളി നിത്യച്ചടങ്ങുകൾക്കും ശ്രീഭൂതബലിക്കും ശേഷം അലങ്കാരത്തിനായി നട അടയ്ക്കും. 


 പകൽ ഒന്നുമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. രണ്ടിന് മകം തൊഴലിനായി നട തുറക്കുന്നതു മുതൽ ഇടതടവില്ലാതെ രാത്രി 9.30 വരെ മകം ദർശനം നടത്താം. ഭക്തജനങ്ങളുടെ സൗകര്യാർഥം ക്ഷേത്രാങ്കണത്തിലും പുറത്തുമൊക്കെയായി പ്രത്യേകം ബാരിക്കേഡുകളും താത്കാലിക പന്തലുകളും സ്ഥാപിച്ചിട്ടുണ്ട്. ഭക്തനായ വില്വമംഗലം സ്വാമിയാർക്ക് ക്ഷേത്രത്തിൽ വെച്ച് മകം നാളിൽ സർവാഭരണവിഭൂഷിതയായി ദേവി ദർശനം നൽകിയതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ചോറ്റാനിക്കര മകം തൊഴലിനുള്ളത്. വരദാഭയ മുദ്രകളോടുകൂടിയ പ്രത്യേകം തങ്കഗോളകയാണ് മകം നാളിൽ ദേവിക്ക് ചാർത്തുക. സ്വർണക്കിരീടവും വിശേഷാൽ സ്വർണാഭരണങ്ങളും പട്ടുടയാടകളും അണിയിക്കും. വിശേഷാൽ പുഷ്പാലങ്കാരങ്ങളും ഉണ്ടാകും. 


 ശ്രീകോവിലിൽ നെയ്‌ത്തിരി ദീപങ്ങളായിരിക്കും. മകം നാളിൽ ചോറ്റാനിക്കര ദേവിയെ ദർശിക്കാനായി ലക്ഷക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂവുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പിമാർ ഉൾപ്പെടെ 800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മകം ദർശനത്തിനു ശേഷം മേളത്തോടു കൂടി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments