ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും സ്ഥലംമാറ്റം നല്‍കുമ്പോള്‍ പകരം ജീവനക്കാര്‍ ചുമതലയേറ്റതായി ഉറപ്പു വരുത്തിയശേഷം മാത്രം ജോലിയില്‍നിന്നു വിടുതല്‍ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. ഇക്കാര്യം സ്ഥലംമാറ്റ ഉത്തരവില്‍ത്തന്നെ രേഖപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇത്തരത്തിലല്ലാതെ സ്ഥലംമാറിപ്പോകുന്ന ജീവനക്കാര്‍ കാരണം നിയമനാധികാരിയെ ബോധ്യപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ജില്ലയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും സ്ഥലംമാറ്റം നല്‍കുമ്പോള്‍ ഇക്കാര്യം ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും കൃത്യമായി പാലിക്കണം. ജില്ലയില്‍ താമസിക്കുന്നവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ജില്ലയ്ക്ക് പുറത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആശുപത്രികളില്‍ നിയമിക്കുന്നതു മൂലം അത്യാസന്ന നിലയിലെത്തുന്ന രോഗികളെ പോലും ചികിത്സിക്കാന്‍ യഥാസമയം ജീവനക്കാര്‍ ഉണ്ടാകാറില്ലെന്ന പരാതിയിലാണ് ഉത്തരവ്. വര്‍ഷങ്ങളായി കണ്ടുവരുന്ന പ്രവണതയ്ക്ക് മാറ്റം വരുത്താന്‍ കമ്മീഷന്‍ ഇടപെടണമെന്ന് പരാതിക്കാരനായ വണ്ടിപ്പെരിയാര്‍ സ്വദേശി സജി പി. വര്‍ഗീസ് ആവശ്യപ്പെട്ടു. ഉത്തരവ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കൈമാറി.




0 Comments