സഭ നിയന്ത്രിക്കാന്‍ തിരുവഞ്ചൂര്‍, കോട്ടയത്തുകാര്‍ക്ക് അഭിമാന നിമിഷം



സഭ നിയന്ത്രിക്കാന്‍ തിരുവഞ്ചൂര്‍, കോട്ടയത്തുകാര്‍ക്ക് അഭിമാന നിമിഷം.

നിയാസ് മുസ്‌തഫ

പതിനാറാം കേരള നിയമസഭയുടെ നാഥനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തുമ്പോള്‍ അത് കോട്ടയത്തുകാര്‍ക്ക് കൂടി അഭിമാന നിമിഷമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നാല്‍ കോട്ടയത്തുകാര്‍ക്ക് കുടുംബത്തിലെ ഒരംഗം പോലെയാണ്. 
1991മുതല്‍ 2011വരെ അടൂര്‍ നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. സ്വന്തം തട്ടകമായ കോട്ടയം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്നത് 2011മുതലാണ്. അന്നുമുതല്‍ ഇന്നുവരെ തുടര്‍ച്ചയായി അദ്ദേഹത്തെ വിജയിപ്പിക്കുന്നു. അതും മികച്ച ഭൂരിപക്ഷത്തില്‍. 
ഉമ്മന്‍ചാണ്ടിക്കുശേഷം കോട്ടയത്തെ യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനാണ് തിരുവഞ്ചൂര്‍. സ്പീക്കര്‍ ആയതോടെ ഇനി നിഷ്പക്ഷ രാഷ്ട്രീയക്കാരനായി മാറേണ്ടി വരുമെങ്കിലും തിരുവഞ്ചൂരിനോട് അഭിപ്രായം ചോദിക്കാതെ കോട്ടയത്തെ യു.ഡി.എഫില്‍ ഒന്നും നടക്കില്ലായെന്നതാണ് വസ്തുത. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവ് ആയതിനാല്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹോദരതുല്യനാണ്. 



ഒരു നിയമസഭാ സാമാജികന്‍ എങ്ങനെയാണ് നിയോജകമണ്ഡലത്തില്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതിന്റെ ഏറ്റവും ഉത്തമമായ മാതൃകയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുമോദനപ്രസംഗത്തില്‍ പറഞ്ഞത് വെറുതെയല്ല. തുടര്‍ച്ചയായി നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് ഓരോ ദിവസത്തെയും നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയോജമകണ്ഡലത്തിലേക്ക് പോകുമായിരുന്നു. അവിടെയുള്ള ചെറിയ പരിപാടികളില്‍ പോലുമാണെങ്കിലും അതില്‍ പങ്കെടുത്ത് രാത്രി വൈകി ഉറങ്ങി പിറ്റേദിവസം രാവിലെ കിലോമീറ്ററുകളോളം യാത്ര ചെയ്ത് നിയമസഭ തുടങ്ങുമ്പോള്‍ സഭയിലെത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവെന്നും മുഖ്യമന്ത്രി പറഞ്ഞു.
  നിയമസഭയ്ക്ക് അകത്തും പുറത്തും നിയോജകമണ്ഡലത്തിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന തിരുവഞ്ചൂരിന്റെ ഏറ്റവും വലിയ പ്രത്യേകത ലാളിത്യമാണ്. തിരുവഞ്ചൂരിനെ കാണാനും ആവശ്യങ്ങള്‍ പറയാനും ആര്‍ക്കും ശുപാര്‍ശകത്തിന്റെ ആവശ്യമൊന്നും ഇല്ല. തിരുവഞ്ചൂരിന്റെ ഓഫീസിലും വീട്ടിലും നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. 
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പ്രധാനപ്പെട്ട പല വകുപ്പുകളും കൈകാര്യം ചെയ്ത് തഴക്കവും പഴക്കവും വന്നയാള്‍. ആഭ്യന്തരം ഉള്‍പ്പെടെ 17വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഓരോ വകുപ്പിലും ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഭരണതന്ത്രജ്ഞനാണ്. 
തനിക്ക് മുന്നിലെത്തുന്ന വിഷയങ്ങളെക്കുറിച്ച് പഠിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും വൃത്തിയായി സംസാരിക്കും. ചട്ടങ്ങളെക്കുറിച്ചും കീഴ് വഴക്കങ്ങളെക്കുറിച്ചുമുള്ള പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് സഭയെ മികച്ചരീതിയില്‍ നിയന്ത്രിക്കാന്‍ തിരുവഞ്ചൂരിന് കഴിയുമെന്നതില്‍ തര്‍ക്കമില്ല. തിരുവഞ്ചൂരിനെപ്പോലൊരാള്‍ സഭയുടെ നാഥനാകുമ്പോള്‍ അത് ഭരണപക്ഷത്തിനു മാത്രമല്ല, പ്രതിപക്ഷത്തിനും സന്തോഷം പകരുന്നതാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments