പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ


പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ

പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ. ഒരു കാലത്ത് പാർട്ടി കോട്ടകളിൽ വിജയഭേരി മുഴക്കി, കരുത്തിന്റെ പ്രതീകമായി നിന്ന പിണറായി വിജയന് ഈ ജന്മദിനം ഒരു തിരിഞ്ഞുനോട്ടത്തിന്റെ കാലമാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത പിണറായി വിജയൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

രാഷ്ട്രീയ ജീവിതത്തിൽ വലിയ പ്രതിസന്ധികളെ നെഞ്ചുറപ്പോടെ നേരിട്ടിട്ടുള്ള വ്യക്തിയാണ് പിണറായി വിജയൻ. എന്നാൽ തുടർച്ചയായ മൂന്നാം ഊഴമെന്ന മോഹക്കപ്പൽ ജനവിധിയിൽ തകർന്നുതരിപ്പണമായത് ഇനിയും ഇടതുപക്ഷത്തിനും തിരഞ്ഞെടുപ്പിൽ നയിച്ച പിണറായി വിജയനും ഉൾക്കൊള്ളാനായിട്ടില്ല. 


കണ്ണൂരിലെ വിപ്ലവ മണ്ണിൽ നിന്ന് പോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടി മുഖ്യമന്ത്രിപദത്തിൽ രണ്ട് വട്ടം അമർന്നിരുന്ന ക്യാപ്റ്റന്, ജനാധിപത്യത്തിന്റെ പരമാധികാരം നൽകിയ ഈ തിരിച്ചടി വ്യക്തിപരമായും രാഷ്ട്രീയപരമായും വലിയ ആഘാതമാണ്. ഈ കനത്ത പരാജയത്തിന്റെ കരിനിഴലിലാണ് സി പി ഐ എമ്മിന്റെ അനിഷേധ്യനായ നായകനായ പിണറായി വിജയന്റെ എൺപത്തൊന്നാം പിറന്നാൾ.
തറിയു’ടേയും തിറയുടെയും നാടായ കണ്ണൂരിന്റെ പരുക്കൻ മണ്ണിൽ നിന്നും, ജീവിതാവസ്ഥകളോട് പോരാടി വിപ്ലവപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന പിണറായി വിജയൻ, സമരമുഖങ്ങളിൽ അണികൾക്ക് തളരാത്ത മനക്കരുത്തായിരുന്നു.


അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂര മർദ്ദനമേറ്റപ്പോഴും നിയമസഭയിൽ ചോരക്കറ പുരണ്ട കുപ്പായമുയർത്തി പ്രസംഗിച്ചപ്പോഴും, പതിനാറു വർഷക്കാലം സംസ്ഥാന സെക്രട്ടറി പദവി എന്ന നിലയിൽ പാർട്ടി നയിച്ചപ്പോഴും, മുഖ്യമന്ത്രിയെന്ന നിലയിൽ പ്രളയത്തെയും മഹാമാരിയായ കോവിഡിനെയും അതിജീവിച്ചപ്പോഴും, 2021ൽ രണ്ടാംവട്ടം ചരിത്രപരമായ ഭരണത്തുടർച്ച നേടിയപ്പോഴും അണികളുടെ ആവേശവും വിപ്ലവചിത്രവുമായിരുന്നു പിണറായി വിജയൻ.


വെടിയുണ്ടകളെയും അടിയന്തരാവസ്ഥയുടെ ഇരുട്ടറകളെയും ഭയക്കാത്തവനെന്ന് പാർട്ടി അണികൾ വിശേഷിപ്പിക്കുന്ന ‘ഇരട്ടച്ചങ്കൻ’ ഇപ്പോഴത്തെ ഉൾപ്പാർട്ടി വിചാരണയെ എങ്ങനെ നേരിടും എന്നതാണ് ഇപ്പോൾ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇത്തവണത്തേത് കാറും കോളും നിറഞ്ഞ ജന്മദിനമാണെങ്കിലും, സ്തുതിപാഠകരുടെ ആർപ്പുവിളികൾക്കും വിമർശകരുടെ കൂരമ്പുകൾക്കുമപ്പുറം പിണറായി വിജയൻ എന്ന പേര് മാറ്റിനിർത്തിക്കൊണ്ട് കേരളരാഷ്ട്രീയം പൂർണമാകില്ലെന്നതാണ് വാസ്തവം.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments