വെള്ളിയേപ്പള്ളി സെവൻസ് & ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, മേരി ജോൺ പുതുമന മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ പതിനഞ്ചാമത് സൗജന്യ നോട്ട് ബുക്ക് വിതരണം വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം ബുക്ക് വിതരണം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക ഇടപെടലുകളും കൂട്ടായ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണെന്നും ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും, വിദ്യാഭ്യാസ സഹായ പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മിസ് ദിയ പുളിക്കക്കണ്ടം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 650 കുട്ടികൾക്കായി ഒരുക്കിയ ഈ പരിപാടിയിൽ അങ്കണവാടി മുതൽ കോളേജ് വിദ്യാർഥികൾ വരെ ഭാഗമായി.
സണ്ണി കോതച്ചേരിയിൽ സ്വാഗതം ആശംസിച്ച പൊതുഗയോഗത്തിൽ ക്ലബ് പ്രസിഡന്റ് ഹരിദാസ് അടമത്ര അദ്ധ്യക്ഷത വഹിച്ചു. അലക്സ് മേനാംപറമ്പിൽ ആശംസ അറിയിച്ചു. പഠനോപകരണങ്ങളുടെ വിതരണം വിദ്യാർത്ഥികളിൽ സന്തോഷവും ആത്മവിശ്വാസവും സൃഷ്ടിച്ചതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു
. സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി ഇനിയും കൂടുതൽ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ക്ലബ് പ്രവർത്തകർ അറിയിച്ചു. അവസാനമായി മാർട്ടിൻ ജോസഫ് വരക്കുകാലായിൽ (സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങ് സൗഹൃദവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിക്കാട്ടുന്ന രീതിയിൽ സമാപിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.





0 Comments