ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം വേർപിരിയാനാവാതെ ദമ്പതികളുടെ മരണം. കോട്ടുവള്ളി പള്ളിക്ക് സമീപം കുന്നവീട്ടിൽ ദേവസ്സി ജോസഫ് (89), ഭാര്യ ഫിലോമിന ജോസഫ് (85) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ഫിലോമിന ജോസഫിന്റെ വിയോഗം. തുടർന്ന് വൈകിട്ട് നാല് മണിക്ക് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നു.
സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കളും നാട്ടുകാരും ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെ, വൈകിട്ട് 3.30-ഓടെ ദേവസ്സി ജോസഫും അന്തരിക്കുകയായിരുന്നു. ജീവിതത്തിന്റെ ഏഴു പതിറ്റാണ്ടുകൾ കൈകോർത്തു നടന്ന ഇരുവരും, അവസാന യാത്രയിലും ഒന്നായതിന്റെ വികാരനിർഭരമായ കാഴ്ചയ്ക്ക് കോട്ടുവള്ളി സാക്ഷ്യം വഹിച്ചു. തുടർന്ന് ഇരുവരുടെയും സംസ്കാര ശുശ്രൂഷകൾ ഒരേസമയം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തി.
ലോറൻസ് (കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ചെമ്മദോർ), സെബാസ്റ്റ്യൻ (ബിസിനസ്), സീന, ആന്റണി (ബിസിനസ്) എന്നിവരാണ് മക്കൾ. റൈസി (റിട്ട. അധ്യാപിക), സൂസിൻ, ജിഫിൻ, വിജിത എന്നിവർ മരുമക്കളാണ്. ദീർഘകാലം ഒന്നിച്ച് ജീവിച്ച ദമ്പതികൾ മരണത്തിലും ഒന്നുചേർന്നത് പ്രദേശവാസികളെയും ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
.jpg)


0 Comments