ഒരു നാടിന്റെ നൊമ്പരമായി റെജീനയും ജോസഫും യാത്രയായി... ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ അമ്മയ്ക്കും മകനും കണ്ണീരോടെ വിട; അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി നാടൊന്നാകെ



ഒരു നാടിന്റെ നൊമ്പരമായി റെജീനയും ജോസഫും യാത്രയായി... ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ അമ്മയ്ക്കും മകനും കണ്ണീരോടെ വിട; അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി നാടൊന്നാകെ

മഴ തോര്‍ന്നില്ല... കണ്ണീരും. പയ്യാനിത്തോട്ടത്തെ നടുക്കിയ ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ മണപ്പാട്ട് റെജീന ജോണിക്കും മകന്‍ ജോസഫിനും നാട് കണ്ണീരോടെ വിട നല്‍കി. രാവിലെ 11.30ന് ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങള്‍ ഒരുനോക്ക് കാണാന്‍ പ്രതികൂല കാലാവസ്ഥയിലും നൂറുകണക്കിന് ആളുകളെത്തി.

അമ്മയെയും മകനെയും ചേതനയറ്റ നിലയില്‍ കാണേണ്ടിവന്ന നിമിഷം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. റെജീനയുടെ ഭര്‍ത്താവ് ജോണിയുടെയും മക്കളായ ജോമിറ്റിന്റെയും സോമിറ്റിന്റെയും സങ്കടം കണ്ടുനിന്നവര്‍ക്കും നൊമ്പരമായി.
സര്‍ക്കാര്‍ പ്രതിനിധിയായി ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അന്ത്യോപചാരം അര്‍പ്പിച്ചു. വൈകിട്ട് മൂന്നോടെ സ്‌കൂള്‍ അങ്കണത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സ പള്ളിയിലെത്തിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ക്ക് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മോണ്‍സിഞ്ഞോര്‍ ജോസഫ് തടത്തില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
പത്തനംതിട്ട എം.പി. ആന്റോ ആന്റണി, പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍, മുന്‍ എം.എല്‍.എമാരായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി.സി. ജോര്‍ജ്, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഈരാറ്റുപേട്ട ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സ്‌കറിയ ജോസഫ്, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ്വ മോഹന്‍ എന്നിവരടക്കം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയസാമൂഹികസാമുദായിക രംഗത്തെ പ്രമുഖരും അന്ത്യോപചാരമര്‍പ്പിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments