പാലാ ജനറല്‍ ആശുപത്രി മോഷണശ്രമം: മൂന്നംഗ സംഘം കേരളം വിട്ടു, പൊലീസ് പിന്നാലെ


പാലാ ജനറല്‍ ആശുപത്രി മോഷണശ്രമം: മൂന്നംഗ സംഘം കേരളം വിട്ടു, പൊലീസ് പിന്നാലെ

 കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ മോഷണശ്രമം നടത്തിയ മൂന്നംഗ സംഘം സംഭവത്തിന് ശേഷം രണ്ടുദിവസത്തോളം നാട്ടില്‍ തങ്ങിയശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കേരളം വിട്ടതായി സൂചന. എന്നാല്‍ സൈബര്‍ വിംഗിന്റെ സഹായത്തോടെ ഇവരുടെ യാത്രാമാര്‍ഗ്ഗം കണ്ടെത്തിയ പൊലീസ് എത്രയുംവേഗം ഇവരെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.


സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പള്ളി ഐങ്കൊമ്പ് സ്വദേശിയായ 20കാരന്‍, പാലാ വെള്ളിയേപ്പള്ളി സ്വദേശിയായ 19കാരന്‍, ഇടുക്കി പത്താംമൈല്‍ സ്വദേശിയായ 26കാരന്‍ എന്നിവരെയാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ മൂന്നുപേരുടെയും സാന്നിധ്യം വ്യക്തമായതായും ഇവരെ തിരിച്ചറിയുന്നതിനുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായുമാണ് വിവരം.


സംഭവദിവസം പാലാ ജനറല്‍ ആശുപത്രി വളപ്പില്‍ കിടന്ന പൊലീസ് ജീപ്പിലും ഇതിലൊരാള്‍ കയറിയിരുന്നു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പൊലീസ് തങ്ങളെ തേടുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് മൂന്നുപേരും കേരളം വിട്ടത്.


പൊലീസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സംഘം സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നല്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ബന്ധപ്പെടുന്നതെന്നാണ് സൂചന.


പ്രതികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. പ്രതികളുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

എത്രയുംവേഗം പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പാലാ എസ്.എച്ച്.ഒ. കെ. ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പ്രതികളെ തെരഞ്ഞുവരുന്നത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments