സുനില്‍ പാലാ
കഴിഞ്ഞയാഴ്ച ഉണ്ടായ വെള്ളപ്പൊക്ക കെടുതിയെ തുടര്‍ന്ന് പാലായില്‍ നടപ്പാക്കിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും ഇഴകീറി പരിശോധിക്കാന്‍ പാലാ നഗരസഭാ അധികാരികള്‍ തയ്യാറെടുക്കുന്നു. ഇതിനായി ഒരു പ്രത്യേക കൗണ്‍സില്‍ യോഗം തന്നെ വിളിച്ചു ചേര്‍ക്കാനാണ് അധികാരികളുടെ നീക്കം എന്നാണ് സൂചന.
പ്രളയത്തെ തുടര്‍ന്ന് മീനച്ചില്‍ താലൂക്കിന്റെ ആസ്ഥാനമായ പാലായില്‍ അധികാരികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ രക്ഷാദൗത്യത്തിന് വെല്ലുവിളിയായത് സംബന്ധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റവന്യു വകുപ്പ് അറിയാതെയുള്ള ക്യാമ്പുകള്‍ വരെ തുറക്കുകയും ഇത്തരം ക്യാമ്പുകളില്‍ ഭക്ഷണം പോലും സമയത്ത് കിട്ടാത്ത അവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു.
മഴക്കാലത്തിന് മുന്നേ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേര്‍ന്ന് മുന്നൊരുക്കം നടത്തിയിരുന്നെങ്കില്‍ പാളിച്ചകള്‍ സംഭവിക്കില്ലായിരുന്നുവെന്ന് യെസ് വാര്‍ത്ത ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേസമയം മാതൃകാപരമായ നിരവധി കാര്യങ്ങള്‍ പാലാ നഗരസഭാ അധികാരികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും നേതൃത്വത്തില്‍ നടത്തിയെന്നുള്ളതും വിസ്മരിക്കാവുന്നതല്ല.
ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ക്യാമ്പ് പിരിച്ചുവിടുന്ന സമയത്ത് എല്ലാ കുടുംബങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച് കൈമാറാന്‍ കഴിഞ്ഞതും പാലാ നഗരസഭാ അധികാരികളുടെ മികവുതന്നെയാണ്. അതേസമയം ക്യാമ്പിലുള്ളവര്‍ക്ക് യഥാസമയം ഭക്ഷണം കിട്ടത്തതുപോലുള്ള ഗുരുതര സംഭവങ്ങളും ഉണ്ടായി എന്നുള്ളത് മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്.
ഈ സാഹചര്യത്തിലാണ് പാലാ നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ അഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യാനും വിലയിരുത്താനും മേലില്‍ പോരായ്മകള്‍ ഉണ്ടാകാതെ നോക്കാനുമായി അടിയന്തിര കൗണ്‍സില്‍ യോഗം ചേരുന്നത്. പ്രളയത്തെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി നിന്ന ജനതയ്ക്ക് നന്ദി അര്‍പ്പിക്കാനും ഈ കൗണ്‍സില്‍ യോഗം തയ്യാറായേക്കുമെന്നാണ് സൂചന.
.jpg)

.jpg)


0 Comments