പാലാ നഗരസഭ; മായാ രാഹുല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി, ബിജു മാത്യൂസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്



സുനില്‍ പാലാ

പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് 19-ാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പില്‍ മായാ രാഹുല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കും. 

ഇടതുമുന്നണിയും കോണ്‍ഗ്രസ് പുറത്താക്കിയ നാല് കൗണ്‍സിലര്‍മാരും സ്വതന്ത്ര കൗണ്‍സിലറും ഉള്‍പ്പെടെയുള്ള 17 അംഗ ടീമിന്റെ സ്ഥാനാര്‍ത്ഥിയായാണ് മായാ രാഹുല്‍ മത്സരിക്കുക.

26 അംഗ കൗണ്‍സിലില്‍ 17 പേര്‍ ഒരു ടീമായി നില്‍ക്കുകയാണിപ്പോള്‍. ഈ ടീമാണ് മുന്‍ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്.

12 അംഗ ഇടതുമുന്നണിയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരുടെയും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ 4 കൗണ്‍സിലര്‍മാരുടെയും ഐകകണ്ഠ്യേനയുള്ള പിന്തുണയോടെയാണ് നിലവിലെ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ മത്സര രംഗത്തേക്ക് വരുന്നത്. നേരത്തെ 17 അംഗ ടീമിലെ ലിസിക്കുട്ടി മാത്യുവും ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് ബിജു പാലുപടവില്‍ മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇവര്‍ പിന്‍മാറുകയായിരുന്നു. പാലാ നഗരസഭ 19-ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന മായാ രാഹുല്‍ കഴിഞ്ഞ ടേമിലും മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു.
നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തുള്ള മായാ രാഹുല്‍ ആ പദവിയില്‍ നിന്ന് മാറുന്ന ഒഴിവിലേക്ക് ബിജു മാത്യൂസിന്റെ പേരാണ് 17 അംഗ ടീമില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ളത്. നഗരസഭാ 24-ാം വാര്‍ഡായ കൊട്ടാരമറ്റത്തെ പ്രതിനിധീകരിക്കുന്ന ബിജു മാത്യൂസിന്റെ കന്നി മത്സരമായിരുന്നു ഇത്തവണത്തേത്.

യു.ഡി.എഫിലുള്ള സ്വതന്ത്ര മുന്നണിയും ബിജു മാത്യൂസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഒടുവില്‍ അവിശ്വാസ പ്രമേയത്തില്‍ കലാശിച്ചത്. മൂന്നംഗ ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും മൂന്നംഗ സ്വതന്ത്ര മുന്നണി കൗണ്‍സിലര്‍മാരും കെ.ഡി.പിയുടെ ഒരു കൗണ്‍സിലറും കോണ്‍ഗ്രസിലെ രണ്ട് കൗണ്‍സിലര്‍മാരും ഒരു ടീമായാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഇവരില്‍ നിന്നും ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായേക്കാം.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments