‘മര്യാദയ്ക്ക് സംസാരിക്കണം’ .....മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം സുപ്രഭാതം



‘മര്യാദയ്ക്ക് സംസാരിക്കണം’ .....മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി സമസ്ത ഇകെ വിഭാഗത്തിന്റെ മുഖപത്രം സുപ്രഭാതം. മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പരാമര്‍ശം തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. 

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ത്ത വി ഡി സതീശന്‍ തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇപ്പോള്‍ വാചാലനാകുന്നതെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

കാന്തപുരം നടത്തിയ പ്രസ്താവനയ്ക്ക് അതിന്റേതായ മാനദണ്ഡങ്ങളുണ്ട്. പെണ്ണുങ്ങള്‍ പ്രദര്‍ശിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നു എന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികത ഓര്‍മിപ്പിക്കുന്ന വിശ്വാസിസമൂഹത്തെ അണിനിരത്തുന്ന കേന്ദ്രത്തില്‍ നിന്നാണ്. കാന്തപുരത്തിന് അത് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. കാന്തപുരത്തിന്റേത് 19-ാം നൂറ്റാണ്ടില്‍ നിന്ന് വന്ന അപരിഷ്‌കൃതമായ പരാമര്‍ശമെന്ന് പറയാന്‍ വി ഡി സതീശനുള്ള അതേ സ്വാതന്ത്ര്യം സ്വന്തം നിലപാട് പറയാന്‍ കാന്തപുരത്തിനുമുണ്ടെന്നാണ് മുഖപ്രസംഗം പറയുന്നത്.


കാന്തപുരത്തെ തള്ളിപ്പറഞ്ഞ വി ഡി സതീശന്റെ നിലപാടിന് കിട്ടുന്ന പിന്തുണ ഇസ്ലാമിക സ്ത്രീ സങ്കല്‍പ്പം എന്തെന്ന് മനസിലാക്കാത്തതിന്റെ തകരാറില്‍ നിന്നുള്ളതെന്നും മുഖപ്രസംഗം ആഞ്ഞടിക്കുന്നു. കുരുടന്‍ ആനയെ തൊട്ട അനുഭവമാണ് ഈ വിഷയത്തില്‍ വി ഡി സതീശനുള്ളതെന്നും മുഖപ്രസംഗത്തിലുണ്ട്. വി ഡി സതീശന് ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് അറിയാത്തതിന്റെ കുഴപ്പമാണിതെന്നും മുഖപ്രസംഗം സൂചിപ്പിക്കുന്നു.

മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനാണ് സതീശന്‍ ശ്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നും പത്രം കുറ്റപ്പെടുത്തുന്നു. മുനമ്പം വഖഫ് ഭൂമി അല്ലാ എന്ന് പ്രഖ്യാപിച്ചതും വിഡി സതീശന്‍ ആണ്. പിഎംശ്രീ നടപ്പാക്കാനും സതീശന്‍ താല്പര്യം കാണിച്ചു എന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമി അടക്കം ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ആളാണ് സതീശന്‍ എന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

രമേശ് ചെന്നിത്തലയെ പ്രകീര്‍ത്തിക്കുന്നതാണ് മുഖപ്രസംഗം. സമരസപ്പെടലിന്റെ മാഹാഗോപുരമാണ് ചെന്നിത്തല എന്നായിരുന്നു മുഖ്യമന്ത്രി തര്‍ക്കം ഓര്‍മിപ്പിച്ചുള്ള പരാമര്‍ശം. സതീശന്‍ ദിവസം 75 പേജ് വായിക്കും എന്നാല്‍ നോവല്‍ എഴുതിയിട്ടില്ലെന്നും വായിക്കുമെന്ന് പറഞ്ഞില്ലെങ്കിലും ചെന്നിത്തല നോവല്‍ എഴുതിയിട്ടുണ്ടെന്നുമാണ് എഡിറ്റോറിയലിലെ പരിഹാസം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments