ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പന്തളം–തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. കാരേറ്റ് ഭാഗത്ത് വെച്ചാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു വെന്നാണ് പരാതി.
ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ യുവതി തന്ത്രപരമായി സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് വിവരം ബസ് കണ്ടക്ടറെ അറിയിച്ചു. പൊലീസിൽ പരാതി നൽകണമെന്ന് കണ്ടക്ടർ നിർദേശിച്ചതോടെ യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലീസിന് കൈമാറി.
അതിക്രമത്തിന്റെ ദൃശ്യങ്ങളും യുവതി പൊലീസിന് കൈമാറി. മദ്യലഹരിയിലായിരുന്ന ഷാനവാസ് തന്നെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പരാക്രമം കാട്ടിയതായും പൊലീസ് പറയുന്നു. വട്ടപ്പാറ പൊലീസ് കേസെടുത്ത് പ്രതിയെ വെഞ്ഞാറമൂട് പൊലീസിന് കൈമാറി. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ റസ്‌റ്റോറന്റിൽ പാചകക്കാരനാണ് ഷാനവാസ്.
70 12 23 03 34
.jpg)


0 Comments