പാലാ നഗരസഭയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്.) പരിസരത്ത് പെരുമ്പാമ്പിനെ പിടികൂടിയ സംഭവത്തെ തുടര്‍ന്ന് പുറത്തുകെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നീക്കുമെന്നും ദിവസേന പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നതിനായി പുതിയ ഏജന്‍സിയെ നിയോഗിക്കുന്ന കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്നും പാലാ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത പ്രകാശ് പറഞ്ഞു.
എം.സി.എഫ്. പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന കാര്യം യെസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍നടപടികള്‍ വിശദീകരിച്ചുകൊണ്ട് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രതികരിച്ചത്.
നഗരസഭ ചെയര്‍പേഴ്സണുമായും ബന്ധപ്പെട്ട കൗണ്‍സിലര്‍മാരുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന നിലവിലെ സ്ഥിതി പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്നും രജിത പ്രകാശ് പറഞ്ഞു. 'മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഗുരുതര പ്രശ്നമാണ്. അത് നീക്കിയേ തീരൂ. ഇതിനുള്ള നടപടികള്‍ നഗരസഭ ഉടന്‍ ആരംഭിക്കും,' രജിത പ്രകാശ് പറഞ്ഞു.
സ്ഥിരം പരിഹാരത്തിന് നീക്കം
പുറത്ത് കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ആദ്യം എം.സി.എഫിനുള്ളിലേക്ക് മാറ്റുകയും തുടര്‍ന്ന് ദിവസേന മാലിന്യം നീക്കം ചെയ്യുന്ന സംവിധാനം ഉറപ്പാക്കുകയുമാണ് നഗരസഭയുടെ ലക്ഷ്യം. ഇപ്പോള്‍ പുറത്ത് കിടക്കുന്ന മാലിന്യങ്ങളും കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ നിന്ന് വാരിക്കൂട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മുന്ന് ദിവസത്തിനുള്ളില്‍ നീക്കാനും തീരുമാനിച്ചിട്ടുണ്ട്.
പെരുമ്പാമ്പ് പിടികൂടിയ സംഭവം ആശങ്ക വര്‍ധിപ്പിച്ചു
കഴിഞ്ഞ ദിവസം എം.സി.എഫ്. പരിസരത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ് പ്രദേശത്തെ മാലിന്യക്കൂമ്പാരങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. നഗരസഭയുടെ പിന്‍വശത്തുള്ള ഈ ഭാഗത്തുകൂടി ജീവനക്കാരും വ്യാപാരികളും പൊതുജനങ്ങളും ദിവസേന സഞ്ചരിക്കുന്നതിനാല്‍ സുരക്ഷാ ആശങ്ക ശക്തമായിരുന്നു.




0 Comments