ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും ഇതിന്റെ ഭാഗമാകണം : രമേശ് ചെന്നിത്തല .. ഇടുക്കി ജില്ലാതല ‘തൂഫാന്‍ ജാഗരണ്‍’ പരിപാടിക്ക് തുടക്കം....


 ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും ഇതിന്റെ ഭാഗമാകണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഇടുക്കി ജില്ലാതല ‘തൂഫാന്‍ ജാഗരണ്‍’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി 

ലഹരി ഉപയോഗത്തെ നിയമപ്രശ്‌നമായി മാത്രമല്ല, കുടുംബപ്രശ്‌നമായി കൂടി കാണണമെന്നും മാതാപിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും ശ്രദ്ധയും ഇടപെടലും വഴി മാത്രമേ ലഹരിവിരുദ്ധ പ്രതിരോധം സാധ്യമാകൂ എന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള പൊലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍ദി നാര്‍ക്കോഹണ്ട്’ പദ്ധതിയുടെ ഭാഗമായി ഇതുവരെ 10,748 പേരെ അറസ്റ്റ് ചെയ്യുകയും 9,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 170 കോടിയോളം രൂപയുടെ മയക്കുമരുന്നാണ് ഇതുവരെ പിടിച്ചെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് 13 കിലോ എംഡിഎംഎയും കൊച്ചിയില്‍ നിന്ന് 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത് ഓപ്പറേഷന്റെ പ്രധാന നേട്ടങ്ങളാണ്.


 ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയെക്കുറിച്ചും സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി നാല് ജില്ലകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നുണ്ടെന്നും പ്രതികള്‍ക്ക് യാതൊരു രാഷ്ട്രീയ സംരക്ഷണവും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി എംഎല്‍എ റോയ് കെ. പൗലോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത പദ്ധതിയുമായി പൂര്‍ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഗോത്രരാജാവായ മന്നാന്‍ രാജാവ് രാമന്‍ രാജ മന്നാന്‍ തുടങ്ങിയ പ്രമുഖര്‍ക്ക് മന്ത്രി ‘തൂഫാന്‍ വാറിയേഴ്‌സ്’ ബാഡ്ജുകള്‍ സമ്മാനിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ രക്ഷിച്ച എസ്‌ഐ ടി.ബി. ബിബിനെ ചടങ്ങില്‍ ആദരിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി.എച്ച്., ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവത്ത്, ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം, കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി തുടങ്ങിയവര്‍ പങ്കെടുത്തു. പാവനാത്മ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിജോ പി. ജോര്‍ജ്, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments