കാനാട്ടുപാറ ഡംപിംഗ് ഗ്രൗണ്ട് തുറക്കാൻ അനുവദിക്കില്ല; യു.ഡി.എഫിന്റെ ആത്മാർത്ഥത വെളിപ്പെടുത്തണമെന്ന് എൽ.ഡി.എഫ്......മാലിന്യകേന്ദ്രം തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കും; യു.ഡി.എഫ് സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ – എൽ.ഡി.എഫ് നേതാക്കൾ....



കാനാട്ടുപാറ ഡംപിംഗ് ഗ്രൗണ്ട് തുറക്കാൻ അനുവദിക്കില്ല; യു.ഡി.എഫിന്റെ ആത്മാർത്ഥത വെളിപ്പെടുത്തണമെന്ന് എൽ.ഡി.എഫ്......മാലിന്യകേന്ദ്രം തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കും; യു.ഡി.എഫ് സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ – എൽ.ഡി.എഫ് നേതാക്കൾ....  


 കാനാട്ടുപാറ ഡംപിംഗ് ഗ്രൗണ്ട് വീണ്ടും തുറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വിഷയത്തിൽ യു.ഡി.എഫ് നടത്തുന്ന സമരത്തിന്റെ ആത്മാർത്ഥത ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടണമെന്നും എൽ.ഡി.എഫ് നേതാക്കൾ.


 കാനാട്ടുപാറയിൽ മാലിന്യകേന്ദ്രം വീണ്ടും പ്രവർത്തിപ്പിക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

2011-ൽ യു.ഡി.എഫ് ചെയർമാന്റെ നേതൃത്വത്തിൽ പാലാ നഗരസഭ ഭരിച്ചിരുന്ന കാലത്താണ് നഗരസഭ 16 പെട്ടി ഓട്ടോകൾ വാങ്ങി നഗരസഭയിലെ 26 വാർഡുകളിൽനിന്നുള്ള മാലിന്യങ്ങൾ കാനാട്ടുപാറയിലെ ഡംപിംഗ് ഗ്രൗണ്ടിൽ എത്തിച്ചു നിക്ഷേപിക്കാൻ ആരംഭിച്ചതെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഇതോടെ പ്രദേശവാസികൾക്ക് സഹിക്കാനാകാത്ത ദുർഗന്ധവും രൂക്ഷമായ ഈച്ചശല്യവും അനുഭവിക്കേണ്ടിവന്നു. സമീപവാസികൾക്കു മാത്രമല്ല, ദൂരെയുള്ള വീടുകളിൽ താമസിക്കുന്നവർക്കുപോലും ഈച്ചശല്യം കാരണം സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.


ഇതിനെത്തുടർന്ന് നാട്ടുകാരെ സംഘടിപ്പിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മാസങ്ങളോളം നീണ്ട ജനകീയ സമരം നടത്തിയാണ് ഡംപിംഗ് ഗ്രൗണ്ട് അടച്ചുപൂട്ടാൻ കഴിഞ്ഞത്. എന്നാൽ അന്ന് ജനകീയ സമരത്തെ പിന്തുണയ്ക്കുന്നതിനുപകരം അടിച്ചമർത്താനാണ് അന്നത്തെ യു.ഡി.എഫ് നഗരസഭാ ചെയർമാനും കൗൺസിലും ശ്രമിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഇപ്പോൾ എൽ.ഡി.എഫിന്റെ പിന്തുണയോടെ ഭരിക്കുന്ന നഗരവികസന മുന്നണി കാനാട്ടുപാറയിൽ മാലിന്യകേന്ദ്രം വീണ്ടും കൊണ്ടുവരാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നഗരസഭാ കൗൺസിൽ ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല. എം.സി.എഫ് നിർമാണത്തിനായി നീക്കിവച്ച ഫണ്ട് ലാപ്സാകുമെന്നതും ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കാൻ ആവശ്യമായ ഷെഡില്ലാത്തതിനാൽ നഗരസഭയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നതും സുപ്രീംകോടതി വിധിയും സർക്കാരിന്റെ കർശന നിർദേശങ്ങളും ചൂണ്ടിക്കാട്ടി നിലവിലുള്ള ഷെഡ് ബലപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും അത് തുറന്നുകൊടുക്കാൻ എൽ.ഡി.എഫ് അനുവദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്തും സമാനമായ സമ്മർദങ്ങൾ ഉണ്ടായപ്പോൾ ഭരണരംഗത്തുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഈ നീക്കങ്ങൾ നീട്ടിവയ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ യു.ഡി.എഫ് നടത്തുന്ന സമരം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം.

 25 ലക്ഷം രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം 

കാനാട്ടുപാറയിലെ ഡംപിംഗ് ഗ്രൗണ്ട് മാറ്റി പകരം ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്നതിൽ യു.ഡി.എഫിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ആറുമാസക്കാലം പാലാ നഗരസഭ ഭരിച്ചപ്പോൾ അതിനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നുവെന്ന് എൽ.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. ഡംപിംഗ് ഗ്രൗണ്ട് സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലർ ഉൾപ്പെട്ട യു.ഡി.എഫ് മുന്നണി അധികാരത്തിലിരുന്നിട്ടും പ്രദേശത്തിന്റെ വികസനത്തിനായി നഗരസഭാ ഫണ്ടിൽനിന്ന് ഒരു രൂപപോലും നീക്കിവച്ചില്ലെന്നാണ് ആരോപണം.


അതേസമയം, ഇപ്പോൾ എൽ.ഡി.എഫിന്റെ പിന്തുണയോടെ ഭരിക്കുന്ന നഗരവികസന മുന്നണി കാനാട്ടുപാറയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൗൺസിൽ തീരുമാനപ്രകാരം ഏകദേശം 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇവിടെ കളിസ്ഥലം, പച്ചത്തുരുത്ത്, സാംസ്കാരിക നിലയം, ഭാവിയിൽ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ചെറുകിട സംരംഭ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കാനാട്ടുപാറ ഡംപിംഗ് ഗ്രൗണ്ട് എന്ന പേര് മാറ്റാനും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

 എം.പി.യും എം.എൽ.എയും ഇടപെടണം 

കേരളം ഭരിക്കുന്നത് യു.ഡി.എഫ് മുന്നണിയായതിനാലും പാലായുടെ എം.എൽ.എയും എം.പിയും യു.ഡി.എഫ് പ്രതിനിധികളായതിനാലും വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അവർ ഇടപെടണമെന്ന് എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം.സി.എഫ് സ്ഥാപിക്കാത്തതിന്റെ പേരിൽ നഗരസഭയ്ക്കെതിരേ ഉണ്ടാകാനിടയുള്ള നടപടികളിൽനിന്ന് നഗരസഭയെ ഒഴിവാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണം. അതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാതെ ജനങ്ങളെ അണിനിരത്തി സമരം നടത്തുന്നത് ഇരട്ടത്താപ്പാണെന്നും നേതാക്കൾ ആരോപിച്ചു.


കാനാട്ടുപാറയിൽ മാലിന്യകേന്ദ്രം പുനഃസ്ഥാപിക്കാനുള്ള ഏതു നീക്കത്തെയും ജനങ്ങൾക്കൊപ്പം നിന്ന് ചെറുക്കുമെന്നും പ്രദേശത്തിന്റെ വികസനത്തിനും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് എൽ.ഡി.എഫ് മുൻഗണന നൽകുന്നതെന്നും വാർത്താസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.

ബാബു കെ. ജോർജ്, ലാലിച്ചൻ ജോർജ്, സജേഷ് ശശി, ടോബിൻ കെ. അലക്സ്, ജോസു കുട്ടി പൂവേലിൽ , പി.കെ. ഷാജ കുമാർ , കെ എസ് .രമേശ് ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments