ഷഷ്ട്യബ്ദ പൂര്‍ത്തി പിന്നിട്ട നര്‍ത്തകന്‍ രവികുമാര്‍ നാട്യാലയക്ക് എഴുപതും എഴുപത്തെട്ടും വയസ്സുള്ള ശിഷ്യര്‍ വരെ! തന്നെക്കാള്‍ പ്രായമുള്ള 69 ''ശിഷ്യരുടെ'' അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് പ്രശസ്തനായ ഈ നര്‍ത്തകന്‍. ഒക്‌ടോബര്‍ 29-നാണീ അരങ്ങേറ്റം.
മൂവാറ്റുപുഴ സ്വദേശിയായ ഈ നൃത്താദ്ധ്യാപകന് കേരളത്തിനകത്തും വിദേശത്തുമായി ഇപ്പോള്‍ അഞ്ഞൂറോളം ശിഷ്യരുണ്ട്. കഴിഞ്ഞ 45 വര്‍ഷത്തിനിടെ കാല്‍ ലക്ഷത്തിലധികം ശിഷ്യര്‍ക്ക് നൃത്തപാഠങ്ങള്‍ പകര്‍ന്നു നല്‍കി ഈ നാട്യാചാര്യന്‍. ഇന്നലെ വൈകിട്ട് ഐങ്കൊമ്പ് പാറേക്കാവ് ദേവസ്വം ഹാളില്‍ രവികുമാറിന്റെ 570-ാമത് ബാച്ചിലെ ശിഷ്യരാണ് ചിലങ്ക സ്വീകരിച്ചത്.
പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതി ടീച്ചറിന്റെ (സിനിമാതാരം ആശാ ശരത്തിന്റെ അമ്മ) ഇളയ സഹോദരനായ രവികുമാറിന്റെ ആദ്യഗുരുവും സ്വന്തം ചേച്ചി തന്നെയായിരുന്നു. മൂന്നാം വയസ്സില്‍ ചിലങ്കയണിഞ്ഞ രവികുമാര്‍ 15-ാം വയസ്സില്‍ ചേച്ചിയോടൊപ്പം പുതുതലമുറയ്ക്ക് നൃത്തപാഠങ്ങള്‍ പകര്‍ന്നുകൊടുത്തു തുടങ്ങി.
20-ാം വയസില്‍ ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായി നാഗാലാന്റിലേക്ക് പോയ നാലുവര്‍ഷം മാത്രമേ ഇദ്ദേഹം നൃത്തചുവടുകളില്‍ നിന്നും താല്ക്കാലിക വിശ്രമം എടുത്തുള്ളൂ. തിരികെ നാട്ടില്‍ വന്നശേഷം ബാങ്ക് ജോലിയും നൃത്തവും ഒരേപോലെ കൊണ്ടുപോയി. ചേച്ചിയില്‍ നിന്നും നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച രവികുമാര്‍ പിന്നീട് അതിപ്രശസ്ത നര്‍ത്തകന്‍ ഗുരു തഞ്ചാവൂര്‍ രാജരത്തിനം പിള്ളയില്‍ നിന്നും കൂടുതല്‍ പരിശീലനം തേടി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, കഥകളി തുടങ്ങി രവികുമാര്‍ ചുവടുവയ്ക്കാത്ത ക്ലാസിക്കല്‍ ഡാന്‍സുകളില്ല എന്നുതന്നെ പറയാം.
1978-ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൂന്ന് നൃത്തയിനങ്ങളില്‍ ഒന്നാം സ്ഥാനം ഈ കലാകാരനായിരുന്നു. നൃത്തത്തോടുള്ള കമ്പം മൂലം പ്രമോഷന്‍ പോലും വേണ്ടെന്നുവച്ച രവികുമാര്‍ തുടര്‍ന്ന് നൃത്താദ്ധ്യാപകനായി പ്രവര്‍ത്തിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ജോലിയില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് ഫുള്‍ടൈം നൃത്താദ്ധ്യാപകനായി.
ഭാര്യ ജയശ്രീ അദ്ധ്യാപികയാണ്. എം.ബി.എ. കഴിഞ്ഞ മകള്‍ ഗോപിക രവികുമാര്‍ കുവൈറ്റില്‍ കലാഭവനില്‍ ഇപ്പോള്‍ നൃത്താദ്ധ്യാപികയാണ്. യു.കെ.യില്‍ എഞ്ചിനീയറായ മകന്‍ ആരോമല്‍ രവികുമാര്‍ മൃദംഗ കലാകാരനുമാണ്.
ആണ്ടുപിറപ്പായിരുന്ന ഇന്നലെ ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം ഹാളില്‍ ആരംഭിച്ച രവികുമാറിന്റെ നൃത്തക്ലാസിന് പാറേക്കാവ് ക്ഷേത്രം മേല്‍ശാന്തി വേണു നമ്പൂതിരി ഭദ്രദീപം തെളിച്ചു. പാറേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന്‍ നൃത്തക്ലാസ് ഉദ്ഘാടനം ചെയ്തു. നൃത്തവേദിയിലെയും നൃത്ത അദ്ധ്യാപന വേദിയിലെയും പെരുമ പരിഗണിച്ച് നര്‍ത്തകന്‍ രവികുമാറിനെ സമ്മേളനത്തില്‍ പൊന്നാട അണിയിച്ചാദരിച്ചു. ഡി. ചന്ദ്രന്‍, രജനി, ഡോ. ചിന്നു മനോജ് പ്രഭ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.





0 Comments