സ്വന്തം ലേഖകന്‍
ചൂടുപിടിച്ച ബജറ്റവതരണവും ചര്‍ച്ചയും... ഉറക്കത്തിലാണ്ട് മുനിസിപ്പല്‍ സെക്രട്ടറി... സെക്രട്ടറിയെ അനുകൂലിച്ച് ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാരും...
ഇന്നലെ നടന്ന നഗരസഭാ ബജറ്റ് അവതരണ യോഗത്തിലും പിന്നീട് നടന്ന ചര്‍ച്ചക്കിടയിലുമാണ് മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം മയങ്ങിപ്പോയത്. കൗണ്‍സില്‍ ഹാളില്‍ ഹാജരുണ്ടായിരുന്ന ഏതോ ഒരാള്‍ ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സെക്രട്ടറിയുടെ ഉറക്കവും പുറത്തറിഞ്ഞത്. ഇതേ സമയം ഗൗരവപൂര്‍വ്വമായ ബജറ്റ് അവതരണവും ചര്‍ച്ചയും നടന്നപ്പോഴും സെക്രട്ടറി ഉറക്കത്തിലാണ്ടത് അത്ര ഗൗരവപരമായ വിഷയമല്ലെന്നാണ് കൗണ്‍സിലര്‍മാരുടെ നിലപാട്. എന്തിനും ഏതിനും തര്‍ക്കവും സമരവും പായവിരിക്കലുമൊക്കെയായി ശ്രദ്ധ പിടിച്ചുപറ്റുന്ന പല പ്രതിപക്ഷ കൗണ്‍സിലര്‍മാരും സെക്രട്ടറിയുടെ ഉറക്കത്തില്‍ പക്ഷെ അത്ര ''അഭിപ്രായ വ്യത്യാസം'' കാണുന്നില്ല.
പ്രതിപക്ഷത്ത് പൊതുവെ രണ്ട് തീപ്പൊരികളാണുള്ളത് നഗരസഭാ രാഷ്ട്രീയം അറിയാവുന്ന ആര്‍ക്കും അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. അതില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെ.
സെക്രട്ടറി ആഴത്തില്‍ ബജറ്റ് മനനം ചെയ്യുകയായിരുന്നു
''ഋഷീശ്വരന്‍മാര്‍ കണ്ണടച്ച് പല കാര്യങ്ങളും മനനം ചെയ്തിരുന്നതായി നമ്മള്‍ കേട്ടിട്ടില്ലേ. അതുതന്നെയാണ് സെക്രട്ടറിയും കൗണ്‍സില്‍ ഹാളില്‍ ചെയ്തത്. ബജറ്റിനെക്കുറിച്ച് കണ്ണടച്ചിരുന്ന ആഴത്തില്‍ ചിന്തിക്കുകയായിരുന്നു അദ്ദേഹം. കണ്ടവര്‍ക്ക് ഒരുപക്ഷേ അത് ഉറക്കമായി തോന്നിയേക്കാം'' തീപ്പൊരികളില്‍ ഒരാള്‍ പറഞ്ഞു.
സ്വസ്ഥത കിട്ടിയിടത്ത് ഇരുന്ന് മയങ്ങിപ്പോയി, അതില്‍ ഒരു അപാകതയുമില്ല.
''ജോലിത്തിരക്കും മറ്റ് അസ്വസ്ഥതകളും ഒക്കെ കാരണം പലപ്പോഴും ഉറക്കം കിട്ടാറില്ലായിരിക്കാം. കൗണ്‍സില്‍ ഹാളിലെ എ.സി.യില്‍ ഇരിക്കുമ്പോഴായിരിക്കും അദ്ദേഹത്തിന് ഉറക്കം കിട്ടുക. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല. ചിലര്‍ പ്രാര്‍ത്ഥനാ വേളകളില്‍ ഉറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഉറങ്ങാന്‍ ഓരോരോ സാഹചര്യങ്ങളുണ്ടാകും. ഉറക്കമാണല്ലോ ജീവന്‍ നിലനിര്‍ത്തുന്നതിന്റെ പ്രധാന ഘടകങ്ങളിലൊന്ന്'' രണ്ടാമത്തെ തീപ്പൊരിക്കും ഉറക്കത്തിന് ന്യായീകരണമുണ്ട്.
സെക്രട്ടറി ഞങ്ങളുടെ ഇരയല്ല
''സെക്രട്ടറി ഉറങ്ങിയതിനൊപ്പം ചെയര്‍മാനും ഇടയ്ക്ക് ഉറങ്ങുന്നത് കണ്ടു. അത് അത്രവലിയ കാര്യമൊന്നുമല്ല. സെക്രട്ടറി ഞങ്ങളുടെ ഇരയുമല്ല''. പ്രതിപക്ഷത്തെ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നിരയില്‍ നിന്ന് ഇതാണഭിപ്രായമെങ്കിലും ഭരണപക്ഷത്തെ ചിലരെങ്കിലും സെക്രട്ടറിയുടെ ഉറക്കത്തെ അത്ര ന്യായീകരിക്കുന്നില്ല. 35 കോടിയുടെ വികസനവും സാമ്പത്തിക കാര്യങ്ങളും സഭ ചര്‍ച്ച ചെയ്യുമ്പോള്‍ ഇതൊന്നും ബാധിക്കാതെ പാലാ നഗരസഭാ സെക്രട്ടറി ഉറങ്ങിയത് ശരിയായില്ലെന്ന നിലപാടിലാണ് ഇവര്‍.
സെക്രട്ടറി ഉറങ്ങുന്ന ചിത്രം സഹിതം മാധ്യമ ഓഫീസുകളിലേക്ക് വാര്‍ത്തകള്‍ എത്തിച്ച ഇവര്‍ ഇത് സംബന്ധിച്ച് പരാതി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കുമെന്നും വ്യക്തമാക്കുന്നു.
0 Comments