ഇ.ഡിയുടെ കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാർ വിജിലൻസിന്റെ പിടിയിൽ. കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരെ 2,00,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എറണാകുളം വിജിലൻസ് യൂണിറ്റ് പിടികൂടിയത്. കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയായ പരാതിക്കാരന്, കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും, കണക്കുകളിൽ വ്യാജ രേഖകൾ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും കാണിച്ച് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും 2024-ൽ ഒരു സമൻസ് ലഭിച്ചിരുന്നു.
ഇതനുസരിച്ച് കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വളരെ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം കേസെടുക്കുമെന്നും പറഞ്ഞിരുന്നു ഇതിനു ശേഷം ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വിൽസൺ പരാതിക്കാരനെ പല പ്രാവശ്യം ഫോണിൽ വിളിക്കുകയും, നേരിൽ കാണുകയും ചെയ്തു. കേസിൽ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപയാണ് ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് എന്ന് ഇയാൾ വ്യവസായിയോട് പറഞ്ഞതായാണ് മൊഴി. ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിനായി ഓഫീസിൽ നിന്നും വീണ്ടും സമൻസ് അയപ്പിക്കാമെന്ന് ഏജന്റായ വിൽസൺ പരാതിക്കാരനോട് പറഞ്ഞു.
ഇതേത്തുടർന്ന് 14.05.2025 ന് വീണ്ടും പരാതിക്കാരന് സമൻസ് ലഭിക്കുകയും ചെയ്തു ശേഷം ഏജന്റായ വിൽസൺ പരാതിക്കാരനെ ഇ.ഡി ഓഫീസിനടുത്തുള്ള റോഡിൽ വച്ച് കാണുകയും, കേസ് സെറ്റിൽ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും പറഞ്ഞുവെന്ന് പൊലീസ് പറയുന്നു. കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വിൽസനെ ഏൽപ്പിക്കണമെന്നും, 50,000/- രൂപ കൂടി അധികമായി അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും പറയുകയും, അക്കൗണ്ട് നമ്പർ പരാതിക്കാരന് കൊടുക്കുകയും ചെയ്തു. കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു..
0 Comments