തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പടികയറി വലഞ്ഞ് രോഗികള്‍




നൂറുകണക്കിന് രോഗികള്‍ ചികില്‍സതേടിയെത്തുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലാകുന്നത് രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നു. ചികിത്സാര്‍ഥം മുകള്‍ നിലകളിലേക്കു പോകേണ്ട രോഗികളാണ് ലിഫ്റ്റ് തകരാര്‍ മൂലം വലയുന്നത്. പലപ്പോഴും രോഗികളെ കസേരയിലിരുത്തി മുകളിലെ നിലകളിലേക്ക് ബന്ധുക്കള്‍ ചുമന്ന് കയറ്റേണ്ട സാഹചര്യമാണുള്ളത്. ഇന്നലെ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായത് നിരവധി രോഗികള്‍ക്കും കൂടെ വന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്. ഡയാലിസിസ് ചെയ്യേണ്ട രോഗികളും ബന്ധുക്കളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.


 വൃക്ക രോഗികള്‍ക്കുള്ള ഒപി പ്രവര്‍ത്തിക്കുന്നത് താഴെത്ത നിലയിലാണ്. ഇവിടെ പഞ്ച് ചെയ്ത ശേഷം അഞ്ചാം നിലയിലെത്തി വേണം ഡയാലിസിസിന് വിധേയമാകാന്‍. പ്രായാധിക്യത്താല്‍ വലയുന്ന പലര്‍ക്കും പടികള്‍ കയറി അഞ്ചാം നിലയില്‍ എത്താനുള്ള ശാരീരിക സ്ഥിതിയില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കളും ഒപ്പമുള്ളവരും കസേരയിലിരുത്തി അഞ്ചാം നിലയിലേക്ക് രോഗികളെ ചുമന്ന് കയറ്റുകയും ഡയാലിസിസ് കഴിഞ്ഞ് തിരികെ ഇതേരീതിയില്‍ ചുമന്ന് താഴെ ഇറക്കുകയും വേണം. ചിലര്‍ ഏറെ സമയമെടുത്ത് പടികള്‍ കയറിയാണ് മുകളില്‍ എത്തുന്നത്. ഇതിനിടെ ഇവര്‍ക്ക് ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഓങ്കോളജി ഒപിയും ഇതേ രീതിയില്‍ താഴത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കാന്‍സര്‍ രോഗികള്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.


 ലിഫ്റ്റ് തകരാറിലായി രോഗികള്‍ ദുരിതത്തിലായതോടെ പരാതിയും പ്രതിഷേധവും ശക്തമായി. ഇതോടെ ലിഫ്റ്റിന്റെ അറ്റുകുറ്റ പണികള്‍ നടത്തുന്നവരെ വിളിച്ചു വരുത്തി ഉച്ചക്ക് ശേഷം തകരാര്‍ പരിഹരിച്ചു. സെന്‍സറുമായി ബന്ധപ്പെട്ട തകരാര്‍ മൂലമാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. ഉള്ളില്‍ പ്രവേശിക്കുന്നതിനു മുന്പ് തകരാറിലായതിനാല്‍ ലിഫ്റ്റില്‍ കുടുങ്ങാതെ തലനാരിഴയ്ക്കാണ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടത്. രണ്ടാഴ്ച മുന്പ് പുതിയ കെട്ടിടത്തിലേയും ലിഫ്റ്റ് തകരാറിലായിരുന്നു. അന്നും ദിവസങ്ങളോളം രോഗികളെ മുകള്‍ നിലകളിലേക്ക് ചുമന്നാണ് എത്തിച്ചത്. ഇതു സ്ഥാപിച്ച കന്പനിതന്നെ പിന്നീട് തകരാര്‍ പരിഹരിക്കുകയായിരുന്നു.


 പഴയ കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലാകുന്നത് പതിവു സംഭവമാണ്. ചിലപ്പോള്‍ ദിവസങ്ങളോളം ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായി കിടക്കും. ഇത് സ്ഥാപിച്ചതിനു ശേഷം ഇത്തരത്തില്‍ തകരാര്‍ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. ഈ തുക ഉപയോഗിച്ച് പുതിയ ലിഫ്റ്റ് സ്ഥാപിക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ഡയാലിസിസ് ചെയ്യുന്നതിന് താഴത്തെ നിലയില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഡയാലിസിസ് ചെയ്യുന്നത് മുകള്‍ നിലയിലായതിനാല്‍ ലിഫ്റ്റ് ഉണ്ടെങ്കില്‍ പോലും ഒന്നില്‍ കൂടുതല്‍ സഹായികളുമായി വരേണ്ട അവസ്ഥയാണുള്ളത്. 


ഒപി റൂമിനോട് ചേര്‍ന്നുതന്നെ ഡയാലിസിസിന് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി രോഗികള്‍ക്ക് അത് ഉപകാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടൊപ്പം ഓങ്കോളജി ഒപിക്കു സമീപത്തായി കാന്‍സര്‍ രോഗികളെ ചികിത്സിക്കുന്നതിനുള്ള മുറിയും സജ്ജീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments