ദുക്റാന തിരുനാളിലെ പൊതുഅവധി ആവശ്യം ; മന്ത്രിമാർക്ക് നിവേദനം നൽകി എസ്എംവൈഎം
ജൂലൈ 3 പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, ദുക്റാന ദിനത്തിൽ പൊതുഅവധി നൽകണമെന്ന് ആവശ്യപ്പെട്ട് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപത തിരുവനന്തപുരത്തെത്തി മന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചു.
കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്. രാജ്യസഭ എംപി ജോസ് കെ മാണിക്കും നിവേദനം സമർപ്പിച്ചു. തോമാശ്ലീഹായാൽ സ്ഥാപിതമായ കേരള സഭ ദുക്റാന തിരുനാൾ വിപുലമായ പരിപാടികളോടെയാണ് കൊണ്ടാടുക.
അന്നേദിവസം കേരള - കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ പരീക്ഷകൾ നടത്തുന്നതും പ്രതിഷേധാർഹമാണ്. അതിപ്രധാനമായ ദുക്റാന തിരുനാൾ ദിനം പൊതു അവധി അല്ലാത്തത് മൂലം ; സമുദായാഗംങ്ങൾക്ക് ഈ വിശുദ്ധ ദിനത്തിൽ പ്രാർത്ഥനകളിലും, ചടങ്ങുകളിലും സംബന്ധിക്കുന്നതിന് സാധിക്കുന്നില്ല എന്ന അവസ്ഥ ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യം പരിഗണിക്കാം എന്ന് അധികാരികൾ ഉറപ്പു നൽകിയതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു.
പാലാ രൂപത യുവജന പ്രസ്ഥാനത്തിന് വേണ്ടി രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ നിവേദനം സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ബിൽന സിബി, എസ്എംവൈഎം സ്റ്റേറ്റ് ട്രഷറർ നിഖിൽ ഫ്രാൻസിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments