തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച തൊഴില്‍ ബന്ധിത ആനുകൂല്യ പദ്ധതിക്ക് ( ഇഎല്‍ഐ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കി. സ്വകാര്യമേഖലയില്‍ ആദ്യ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ സര്‍ക്കാര്‍ 15000 രൂപ വരെ നല്‍കുന്നത് അടക്കം തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.
എല്ലാ മേഖലകളിലും തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരക്ഷമത വര്‍ദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉല്‍പ്പാദന മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പദ്ധതി ഊന്നല്‍ നല്‍കുന്നു. 99,446 കോടി രൂപ അടങ്കലുള്ള പദ്ധതി വഴി രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
2024-25 ബജറ്റ് പ്രഖ്യാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ജീവനക്കാരെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. അവര്‍ക്ക് രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ഒരു മാസത്തെ ഇപിഎഫ് വേതനമായി നല്‍കും.ഒരു ലക്ഷം വരെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഈ പദ്ധതിക്ക് അര്‍ഹതയുണ്ടായിരിക്കും.’ആറ് മാസത്തെ ജോലിക്ക് ശേഷം ആദ്യ ഗഡുവും പന്ത്രണ്ട് മാസത്തിന് ശേഷം രണ്ടാമത്തെ ഗഡുവും നല്‍കും. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ തുകയുടെ ഒരു ഭാഗം പിന്നീട് പിന്‍വലിക്കാവുന്ന ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കും.’- കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
പുതിയ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്കും പ്രോത്സാഹനം ലഭിക്കും. അധികമായി റിക്രൂട്ട് ചെയ്യുന്ന ഓരോ ജീവനക്കാരനും പരമാവധി 3000 രൂപ വരെയെന്ന കണക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് തൊഴിലുടമകള്‍ക്ക് ആനുകൂല്യം ലഭിക്കുക. 50ല്‍ താഴെ ജീവനക്കാരുള്ള തൊഴിലുടമകള്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് രണ്ട് അധിക തൊഴിലാളികളെയെങ്കിലും നിയമിക്കണം. അതേസമയം 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ളവര്‍ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും നിയമിക്കണം.
പദ്ധതി പ്രകാരമുള്ള പേയ്മെന്റുകള്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കും. ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴിയാണ് ജീവനക്കാര്‍ക്ക് ഇത് ലഭിക്കുക. അതേസമയം തൊഴിലുടമകള്‍ക്ക് അവരുടെ പാന്‍-ലിങ്ക് ചെയ്ത ബിസിനസ്സ് അക്കൗണ്ടുകളിലാണ് പേയ്മെന്റുകള്‍ ലഭിക്കുക.
പ്രതിമാസം 10,000 രൂപ വരെ വരുമാനം നേടുന്ന ഓരോ പുതിയ ജീവനക്കാരനെ കണക്കാക്കി തൊഴിലുടമയ്ക്ക് 1,000 വരെ പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. കൃത്യമായ തുക വ്യത്യാസപ്പെടാം. പ്രതിമാസം 20,000 രൂപ വരെ വരുമാനമുണ്ടെങ്കില്‍, തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരന്‍ എന്ന കണക്കില്‍ പ്രതിമാസം 2,000 രൂപ എന്ന നിരക്കില്‍ ഇന്‍സെന്റീവ് ലഭിക്കും. 20,000 രൂപയ്ക്ക് മുകളില്‍ 3000 രൂപയുമായിരിക്കും തൊഴിലുടമയ്ക്ക് ആനുകൂല്യമായി ലഭിക്കുക.
0 Comments