പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 26ന് പ്രൗഡോജ്ജ്വല സമാപനം.... പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപനം 26 ന്


Yes Vartha Follow Up 2

പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 26ന് പ്രൗഡോജ്ജ്വല സമാപനം.... പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപനം 26 ന്

 വർധിത ചൈതന്യവും വിശ്വാസ തീവ്രതയും രൂപതാതനയർക്കാകെ സമ്മാനിച്ച് പാലാ രൂപത പ്ലാറ്റിനം ജൂബിലി തികവിൽ. വേറിട്ട കർമ്മപരിപാടികൾ ആത്മീയ സമ്പന്നത സമ്മാനിച്ച ജൂബിലി ആഘോഷങ്ങൾക്ക് 26ന് തിരശീല വീഴും. കഴിഞ്ഞ വർഷം ജൂലൈ 26ന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന ദൈവാലയത്തിൽ തുടക്കമിട്ട ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് ആതിഥ്യമരുളുന്നത് പാലാ സെന്റ് തോമസ് കത്തീഡ്രൽ ദൈവാലയമാണ്. 

വ്യക്തി, കുടുംബം, ഇടവക, സമുദായം എന്നിങ്ങനെ നാല് മേഖലകളിൽ ലക്ഷ്യമിട്ട ശക്തീകരണപ്രവർത്തനങ്ങൾക്ക് ഫൊറോനാ, റീജിയണൽ തലങ്ങളിൽകൂടി ആരംഭമിട്ട് ആവേശത്തിലാക്കിയാണ് ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിലേക്ക് രൂപത പ്രവേശിക്കുന്നത്. 

ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് തുടക്കമിടുന്നത് 26ന് രാവിലെ ഒൻപതിന് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധ കുർബാനയോടെയാണ്. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകും. 

10:45 ന് പൊതുസമ്മേളനത്തിൽ സീറോ മലബാർ മുൻ സഭാതലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. സമ്മേളനം സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണവും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണവും നടത്തും. 


കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കോൺഗ്രസ് നേതാവ് ശശി തരൂർ എംപി, സിബിസിഐ പ്രസിഡന്റ് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്, മന്ത്രി റോഷി അഗസ്റ്റിൻ, പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, സണ്ണി ജോസഫ് എംഎൽഎ, അസീറിയൻ സഭ മെത്രാപ്പോലീത്ത മാർ ഔഗേൻ കുര്യാക്കോസ്, ജോസ് കെ. മാണി എംപി, കുര്യാക്കോസ് മാർ സെവേറിയോസ്, ഫ്രാൻസിസ് ജോർജ് എംപി, മലബാർ സ്വതന്ത്രസുറിയാനി സഭ മെത്രാപ്പോലീത്ത സിറിൾ മാർ ബസേലിയോസ്, മാണി സി. കാപ്പൻ എംഎൽഎ, കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, പി.സി ജോർജ്, ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, നിലയ്ക്കൽ മെത്രാപ്പോലീത്ത ജോഷ്വ മാർ നിക്കാദേമോസ്, ദക്ഷിണേന്ത്യൻ സഭയുടെ കിഴക്കൻ കേരള രൂപതയുടെ ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ്, മാർ ജോസ് പുളിക്കൽ, ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ  തെക്കുംചേരിക്കുന്നേൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോസഫ് കൊല്ലംപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ ജോസ്, സിസ്റ്റർ മരീന ഞാറക്കാട്ടിൽ, ഷീബ ബിനോയി പള്ളിപറമ്പിൽ, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ പ്രസംഗിക്കും.

കരുത്തേകിയ കർമ്മപരിപാടികൾ നിരവധി

പ്ലാറ്റിനം ജൂബിലി വർഷത്തിൽ പതിനായിരങ്ങൾക്ക് പുത്തൻ ആത്മീയതയെ സമ്മാനിക്കാൻ കഴിഞ്ഞ ഒട്ടേറെ കർമ്മപരിപാടികൾക്ക് ആതിഥ്യമരുളാൻ രൂപതയക്ക് കഴിഞ്ഞു. ബാഹ്യമായ വലിയ ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി വ്യക്തികളുടെ ആത്മീയശക്തീകരണത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീഴുന്നത്. രൂപതയിലെ മുഴുവൻ കുടുംബങ്ങളേയും സന്യാസിനിമാരുടെ നേതൃത്വത്തിലുള്ള ഹോം മിഷന്റെ ഭാഗമാക്കാൻ കഴിഞ്ഞു. എഴുപതിനായിരത്തോളം കുടുംബങ്ങളിലെ മൂന്നരലക്ഷത്തോളം അംഗങ്ങളുടെ ആത്മീയ വളർച്ചയുടെ അടയാളമായിരുന്നു രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമം. 

രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കൊപ്പം ഡിസിഎംഎസ് സംഘടനയുടെ എഴുപതാം വാർഷികവും ഒരുമിച്ച് നടത്തിയതിന്റെ ഭാഗമായി രാമപുരം ആതിഥ്യമരുളിയ മഹാസംഗമവും സമുദായസമ്മേളനവും ദേശീയതലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓട്ടോറിക്ഷ തൊഴിലാളികളുടേയും മറ്റ് അസംഘടിതതൊഴിലാളികളുടേയും സംഗമം കരുതലിന്റേയും പിന്തുണയുടേയും അനുഭവമായി മാറി. 

എകെസിസി, എസ്എംവൈഎം, കെസിഎസ്എൽ, സ്കൂൾ, സൺ‌ഡേ സ്കൂൾ കുടുംബകൂട്ടായ്മ രൂപതാതല സമ്മേളനങ്ങൾ രൂപതയുടെ കെട്ടുറപ്പും സംഘശക്തിയും വെളിവാക്കുന്നതായിരുന്നു.  ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും ജൂബിലി വർഷത്തിൽ ശ്രദ്ധിച്ചിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും സന്യസ്തരും ഒരുമിച്ച് മൂന്ന് മഹാസമ്മേളനങ്ങൾ ജൂബിലി വർഷത്തിൽ നടത്താൻ കഴിഞ്ഞു. 

ജൂബിലി വർഷത്തിൽ 12 വൈദികാർത്ഥികൾക്ക് ഒരുമിച്ച് പൗരോഹിത്യം സമ്മാനിക്കാനും രൂപതയ്ക്ക് കഴിഞ്ഞു. ജൂബിലി വർഷത്തിലും രൂപതാധ്യക്ഷന്റെ ഔദ്യോഗിക ഇടവക സന്ദർശനത്തിലൂടെ ഇടവകകളെയും ഇടവകകളുടെ പ്രവർത്തനങ്ങളേയും നേരിട്ടറിയാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഏറെ ശ്രദ്ധിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. വയസ്സ് അനുസരിച്ചു ഇടവക, ഫൊറോനാ റീജിയണൽ തലങ്ങളിൽ അവരെ ആദരിക്കാനും അവരെ കേൾക്കാനും ചെറിയ സംഗമങ്ങളിലൂടെ കഴിഞ്ഞു.

തൊഴിലിന്റെ മഹത്വം വെളിവാക്കുന്നതായിരുന്നു എല്ലാ ഇടവകകളിലുമുള്ള ദൈവാലയ ശുശ്രൂഷികൾ, കണക്കന്മാർ, കംപ്യൂട്ടർ ഓപ്പേറേറ്റർമാർ, മറ്റ് ജോലിക്കാർ എന്നിവരുടെ സംഗമം. നിഖ്യാസൂനഹദോസ് 17 നൂറ്റാണ്ടുകൾ പിന്നിടുന്ന വേളയിൽ രൂപതാതലത്തിൽ ശില്പശാല സംഘടിപ്പിച്ചു. പ്രസ്ബിറ്ററൽ, പാസ്റ്ററൽ കൗൺസിലുകളുടെ സമ്മേളനങ്ങളും അഭിപ്രായ രൂപീകരണവും ജൂബിലി ആഘോഷങ്ങളുടെ കരുത്തായിരുന്നു. 

ആരോഗ്യമേഖലയിൽ രൂപതയുടെ സംഭാവനയായ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി 112 മെഡിക്കൽ ക്യാമ്പുകളും സെമിനാറുകളുമായി പതിനായിരത്തിലധികം വ്യക്തികൾക്ക് സേവനം സമ്മാനിക്കാൻ കഴിഞ്ഞത് സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി. 

മാതൃരൂപതയുടെ വിളികേട്ടെത്തിയ ആയിരക്കണക്കായ സന്യസ്തരടക്കമുള്ള പ്രേഷിതർ സംഗമിച്ച സമ്മേളനം പ്രവിത്താനം ഫൊറൊന ഇടവകയുടെ ആതിഥേയത്വത്തിൽ നടത്തിയത് രൂപതയുടെ ദൈവവിളികളുടെ നേട്ടം അന്യഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചതിലുള്ള വലിയ അഭിമാനവേളയായി മാറി. 

സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യത്തെ അടുത്തറിയാനും പഠിക്കാനുമായി ഉഹ്ദാന - 2025 എന്ന പേരിൽ ക്വിസ് മത്സരം ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ഇടവക - ഫൊറോന തലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 121 പേർ പങ്കെടുത്ത മെഗാഫൈനൽ സഭ ഒന്നാകെ ശ്രദ്ധിച്ചു.


മുതിർന്നവരുടെ സംഗമം, 35 മുതൽ 70 വയസുവരെയുള്ളവരുടെ സംഗമം, ശിശുക്കളുടെ സംഗമം, എയ്ഞ്ചൽസ് മീറ്റ്, പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവരുടെ സംഗമം എന്നിവ എല്ലാ ജീവിതാന്തസിലുള്ളവരേയും ജൂബിലിയാഘോഷത്തിന്റെ ആവേശത്തിലേക്ക് ചേർത്ത് നിറുത്തി. രൂപതയുടെ നേതൃത്വത്തിൽ അതിഥേയരും അതിഥികളുമായി സംഘടിപ്പിച്ച സഭൈക്യ സമ്മേളനങ്ങൾ ജൂബിലി വർഷത്തിൽ ഏറെ ആവേശം ആഗോള സഭയ്ക്ക് സമ്മാനിച്ചു. 

ജൂബിലി വർഷത്തിൽ രൂപതയുടെ സാമൂഹിക സേവനവിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ആരംഭിച്ച സാന്തോം ഫുഡ് ഫാക്ടറി രൂപതയുടെ കാർഷിക മേഖലയോടുള്ള പ്രതിബദ്ധത വിളിച്ചോതുന്നു. വിദ്യാഭ്യാസ രംഗത്ത് അതുല്യസംഭാവന നൽകുന്ന രൂപതയുടെ എഡ്യുക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ നടത്തിയ അധ്യാപക, അനധ്യാപകസംഗമത്തിൽ രണ്ടായിരത്തിഅഞ്ഞൂറോളം പേർ പങ്കെടുത്തു. ടീച്ചേഴ്‌സ് ഗിൽഡ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. രൂപത വിദ്യാഭ്യാസ ഏജൻസിയിലെ അധ്യാപക, അനധ്യാപകർ ഒരുദിവസത്തെ ശമ്പളം സംഭാവന ചെയ്ത് നാല് വിദ്യാർത്ഥികൾക്കായി നൽകുന്ന വീടുകളുടെ നിർമ്മാണം പൂരോഗമിക്കുന്നുവെന്നത് സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ്. 

കെ.സി.എസ്.എല്ലിന്റെ നേതൃത്വത്തിൽ സെമിനാറുകളും ക്യാമ്പുകളും ബൈബിൾ പകർത്തിയെഴുത്തും ഒരുക്കിയതിനൊപ്പം 174 കെയർഹോമുകളിലേക്കായി അവശ്യസാധനങ്ങളുടെ ശേഖരണവും നടത്തി. വിശ്വാസം പ്രവർത്തികളിലൂടെ സജീവമാക്കുന്നതിന്റെ ഭാഗമായി രൂപതയുടെ പാലാ ഹോം പദ്ധതിയിൽ ഇതിനോടകം 1500ലധികം വീടുകൾ നിർമ്മിച്ച് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഫ്രാൻസിസ് പാപ്പാ അനുസ്മരണം, ബൈബിൾ കൺവൻഷൻ, രൂപതാതല പ്രശ്‌നോത്തരി എന്നിങ്ങനെ ഇടവകകളേയും കുടുംബങ്ങളേയും സഭയേയും ചേർത്തുനിറുത്തുന്ന പഠനങ്ങൾ സമ്മാനിക്കാനും ജൂബിലി വർഷത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

2012ൽ ഇന്ത്യയിലെ കാത്തലിക് ബിഷപ്‌സ് കൗൺസിൽ സമ്മേളനത്തിന് വേദിയായ രൂപതയ്ക്ക് ജൂബിലി വർഷത്തിൽ സീറോമലബാർ സഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിക്ക് ആതിഥ്യമരുളാൻ കഴിഞ്ഞത് വലിയ സംഘാടകമികവിന്റെ തെളിവും സഭാതലത്തിലുള്ള വലിയ അംഗീകാരത്തിനും അവസരമായി. 

ജൂബിലി വർഷത്തിൽ പ്രത്യേക അംഗീകാരം കണക്കെ കടപ്ലാമറ്റം, കൊഴുവനാൽ, കൂത്താട്ടുകുളം എന്നീ ഇടവകകളെ ഫൊറോനകളായി ഉയർത്തി. ജലന്തർ രൂപതയുടെ മെത്രാനായി നമ്മുടെ രൂപതയിലെ ചെമ്മലമറ്റം ഇടവകാംഗം തെക്കുംചേരിക്കുന്നേൽ ജോസ് സെബാസ്റ്റ്യൻ പിതാവിനെ ദൈവം തെരെഞ്ഞെടുത്തത് വലിയ അനുഗ്രഹമായി കരുതുന്നു. പ്രഥമ തദ്ദേശീയ മെത്രാനായ പറമ്പിൽ ചാണ്ടി മെത്രാൻ മുതൽ നാല്പതോളം മെത്രാന്മാരേയും നാലായിരത്തോളം വൈദികരേയും എണ്ണായിരത്തോളം സന്യാസിനിമാരേയും തിരുസഭയ്ക്ക് സമ്മാനിക്കാൻ കഴിഞ്ഞ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനമെന്ന ആഗോളസഭയൊന്നാകെ ശ്രദ്ധയോടെയാണ് നോക്കികാണുന്നത്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ :
മാർ ജോസഫ് കല്ലറങ്ങാട്ട് 
മോൺ ജോസഫ് തടത്തിൽ (മുഖ്യവികാരി ജനറാൾ)
മോൺ ജോസഫ് മലേപ്പറമ്പിൽ (വികാരി ജനറാൾ)
മോൺ സെബാസ്റ്റ്യൻ വേത്താനത്ത് (വികാരി ജനറാൾ)
മോൺ ജോസഫ് കണിയോടിക്കൽ (വികാരി ജനറാൾ)
ഡോ ജോസഫ് കുറ്റിയാങ്കൽ (ചാൻസലർ)
ഡോ ജോസ് മുത്തനാട്ട് (രൂപത പ്രൊക്യൂറേറ്റർ)
ഡോ കുര്യൻ മുക്കാംകുഴി (രൂപത അസിസ്റ്റന്റ് പ്രോക്യൂറേറ്റർ)
ഫാ തോമസ് ഓലയത്തിൽ (മീഡിയ കമ്മിറ്റി കൺവീനർ) 
ഫാ ജെയിംസ് പനച്ചിക്കൽ കരോട്ട് (മീഡിയ കമ്മിറ്റി സെക്രട്ടറി) 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments