ആത്മഹത്യ ചെയ്ത മോഡൽ സാൻ റേച്ചലിന് വീട്ടുകാരറിയാത്ത സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നെന്ന് പൊലീസ്.
വീട്ടുകാരറിയാതെ വിവാഹത്തിന് 6 ലക്ഷം രൂപയാണ് സാൻ റേച്ചൽ കടമെടുത്തിരുന്നത്. ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യ വഴിയാണ് കടമെടുത്തത്. എന്നാൽ ഈ തുക പിതാവ് നൽകിയതാണെന്നാണ് സാൻ റേച്ചലിൻ്റെ ഭർത്താവ് ധരിച്ചിരുന്നത്. ആത്മഹത്യയ്ക്ക് മുമ്പ് പിതാവിന് എഴുതിയ കത്തിൽ വെങ്കട് അണ്ണ എന്ന വ്യക്തിയ്ക്ക് പണം നൽകണമെന്ന് റേച്ചൽ ആവശ്യപ്പെടുന്നുണ്ട്. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചലിനെ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ കണ്ടെത്തിയത്.
വലിയ അളവിൽ ഉറക്ക ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ. രണ്ട് ആശുപത്രികളിൽ ചികിത്സതേടി, ഒടുവിൽ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. വർണ്ണവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ ശ്രദ്ധേയയായിരുന്നു റേച്ചൽ. അടുത്തിടെയാണ് 26 കാരിയായ റേച്ചൽ വിവാഹിതയായത്.
പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉടൻതന്നെ ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഒടുവിൽ ജിപ്‌മെറിൽ മരണം സംഭവിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
0 Comments