വാസ്തവ വിരുദ്ധ പ്രചരണങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാനാവില്ല: മാണി സി. കാപ്പൻ എം.എൽ.എ
കോടികൾ മുടക്കി പണിത കളരിയാമാക്കൽ പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനും റിങ്ങ് റോഡ് പൂർത്തീകരണത്തിനുമായി കിഫ്‌ബി ഫണ്ട് അനുവദിക്കുന്നുവെന്ന വാർത്ത ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ.
താൻ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം 2020 ൽ 13.29 കോടി രൂപ അനുവദിച്ച് റോഡ് പൂർത്തീകരണത്തിനായി ശ്രമിച്ചെങ്കിലും തടസ്സവാദങ്ങൾ നിരത്തി പണി തടഞ്ഞവരാണ് ഇപ്പോൾ വികസനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. തനിക്ക് പങ്കില്ലെങ്കിലും സർക്കാർ പണം ഉപയോഗിച്ച് പണിത പാലം നാട്ടുകാർക്ക് പ്രയോജനപ്പെടണമെന്ന ബോധ്യത്തിലാണ് അതിനായി ശ്രമിച്ചത്. സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായവരെ പിന്തിരിപ്പിച്ചത് നാട്ടിൽ പാട്ടാണ്. തന്റെ സഹപാഠിയായ ജോയി മൂക്കൻ തോട്ടം സ്ഥലം നൽകുമെന്നായപ്പോൾ അലൈൻമെന്റ് മാറ്റരുതെന്ന് ഭരണസ്വാധീനം ഉപയോഗിച്ച് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതും അങ്ങാടിപ്പാട്ടാണ്. സ്ഥലം ഉടമകൾ കൈവശക്കാരാണെന്നും നാടിന്റെ പൊതുവായ ആവശ്യങ്ങൾക്കു വേണ്ടി പണം നൽകിയാലും സ്ഥലം തരില്ലെങ്കിൽ ഏറ്റെടുക്കാമെന്ന് സുപ്രിം കോടതി വിധിയുണ്ട്. അതനുസരിച്ച് സ്ഥലം കൈവശപ്പെടുത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് പുതിയ വാദഗതികളുമായി ചിലർ ഇപ്പോൾ രംഗത്തു വരുന്നത്. 13 വർഷമായി സമീപന പാതയില്ലാതെ പാലം പണിത് ജനങ്ങളെ ഉപദ്രവിച്ചതിനു ശേഷം ഭരണം തീരാറായപ്പോൾ പ്രഖ്യാപനം നടത്തുന്നത് അപഹാസ്യമാണ്. ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് ജനങ്ങളോട് മാപ്പുപറയണം. എം.എൽ.എ എന്ന നിലയിൽ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്ന തനിക്ക് നാടിന്റെ പുരോഗതിയിൽ സങ്കുചിത ചിന്തകളില്ല. ഭരണസ്വാധീനമുപയോഗിച്ച് വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കുകയും കൈയ്യടി വാങ്ങാനായി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്താൽ നല്ലവരായ ജനങ്ങൾ എല്ലാം മനസ്സിലാക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു.
0 Comments