ഓര്‍മ്മകളില്‍ പ്രിയപ്പെട്ട ഉഴവൂര്‍ വിജയന്‍....... കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രാസംഗികനായി പേരെടുത്ത ഉഴവൂര്‍ വിജയന്റെ വേര്‍പാടിനു ഇന്ന് എട്ടാണ്ട് തികയുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സഹയാത്രികനുമായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ എബി.ജെ. ജോസ് എഴുതുന്നു ....... ' ഉഴവൂര്‍ ജി മലയാളിയെ ചിരിപ്പിച്ച ജി'!





ഓര്‍മ്മകളില്‍ പ്രിയപ്പെട്ട ഉഴവൂര്‍ വിജയന്‍....... 
കേരള രാഷ്ട്രീയത്തിലെ നര്‍മ്മ പ്രാസംഗികനായി പേരെടുത്ത ഉഴവൂര്‍ വിജയന്റെ വേര്‍പാടിനു ഇന്ന് എട്ടാണ്ട് തികയുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സഹയാത്രികനുമായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ എബി.ജെ. ജോസ് എഴുതുന്നു ....... 
' ഉഴവൂര്‍ ജി മലയാളിയെ ചിരിപ്പിച്ച ജി'!  



സ്നേഹിതരുടെയും സഹപ്രവര്‍ത്തകരുടെയും മനസില്‍ നീറുന്ന വേദനയാണ് അകാലത്തിലുള്ള പ്രിയപ്പെട്ട ഉഴവൂര്‍ വിജയന്റെ വേര്‍പാട്. തിരിച്ചുവരാനാവാത്തവിധമുള്ള ആ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ അദ്ദേഹവുമായി ഏറെ അടുപ്പമുള്ളവര്‍ക്ക് പലപ്പോഴും കഴിയുന്നില്ല. അത്രയേറെ ആത്മബന്ധമാണ് അദ്ദേഹവുമായി ഒട്ടേറെപ്പേര്‍ക്കു ഉണ്ടായിരുന്നത്.

നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗശൈലിയിലൂടെയാണ് ഉഴവൂര്‍ വിജയന്‍ ജനകീയനായത്. എന്തിനും ഏതിലും നര്‍മ്മം കണ്ടെത്തുകയും അത് പ്രസംഗത്തിലൂടെ കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാന്‍ അസാധാരണമായ വഴക്കമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഇതുവഴി രാഷ്ട്രീയ എതിരാളികളെക്കൊണ്ടുപ്പോലും കൈയ്യടിപ്പിക്കാന്‍ വിജയനു സാധിച്ചു.

പത്രപാരായണവും ടിവി കാണലും വാര്‍ത്ത അറിയാന്‍ വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹം നിര്‍വ്വഹിച്ചിരുന്നത്. തന്റെ പ്രസംഗത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ തേടുകയായിരുന്നു ഇതിലൂടെ ലക്ഷ്യമാക്കിയിരുന്നത്. അസംസ്‌കൃത വസ്തു വാര്‍ത്തയിലോ പരസ്യത്തിലോ ഒക്കെയാവും ഉണ്ടാവുക. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ സമകാലിക രാഷ്ട്രീയവുമായി ബന്ധിപ്പിച്ചു നര്‍മ്മത്തില്‍ പൊതിഞ്ഞു സംഗതി റെഡിയാക്കും. തയ്യാറാക്കുന്നതിനു മൂര്‍ച്ച കുറവെന്നു കണ്ടാല്‍ അടുത്ത സുഹൃത്തുക്കളെ ഫോണില്‍ വിളിക്കും. എന്നിട്ട് താന്‍ കണ്ടെത്തിയ നര്‍മ്മം പറയും. മൂര്‍ച്ചകൂട്ടാന്‍ എന്തെങ്കിലുമുണ്ടോ എന്നു ചോദിക്കും. കിട്ടിയാല്‍ അതും കൂട്ടി വേണ്ട വിധം കാച്ചിക്കുറുക്കി വേദികളില്‍ സരസമായി അവതരിപ്പിച്ച് കൈയ്യടി നേടും.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രസികനായിരുന്നു വിജയന്‍. കെ.ജി.വിജയന്‍ എന്നായിരുന്നു ഔദ്യോഗിക നാമം. ഉഴവൂര്‍ കോളജില്‍ പഠിക്കുന്ന കാലത്താണ് ഉഴവൂര്‍ വിജയന്‍ എന്ന പേര് സ്വീകരിച്ചത്.

ഹിമാലയത്തെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങുമെന്ന് ക്ലാസില്‍ ഒരിക്കല്‍ അധ്യാപകന്‍ പറഞ്ഞു. മുന്‍ ബെഞ്ചിലിരുന്ന വിജയന്‍ തോളുകള്‍ രണ്ടും വളച്ച് ചുരുങ്ങിക്കൂടി. ഇത് കണ്ട അദ്ധ്യാപകന്‍ എന്തുപറ്റിയെന്നു വിജയനോടു ചോദിച്ചപ്പോള്‍ താന്‍ ഹിമാലയത്തെക്കുറിച്ചു കേട്ടിട്ടില്ലെന്ന മറുപടിയാണ് നല്‍കിയത്. ഇത് ക്ലാസിലാകെ ചിരി പടര്‍ത്തി.

കോട്ടയത്തെ രാഷ്ട്രീയ പ്രവര്‍ത്തനകാലം. ഒരിക്കല്‍ സുഹൃത്തുക്കള്‍ ഒന്നിച്ച് ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ കയറി. പരിചയക്കാരനായ സപ്ലെയര്‍ ഭക്ഷണശേഷം വിജയന്റെ കൈയ്യില്‍ ബില്ലുകൊടുത്തു. കൈ കഴുകി വിജയന്‍ തിരിച്ചു വരുംവഴി മുമ്പില്‍ ബില്ലു നല്‍കിയ സപ്ലെയര്‍. അടുത്തു വിളിച്ചു രഹസ്യമായി സപ്ലെയറോട് പറഞ്ഞു. ആളെകൂട്ടികൊണ്ടു വരുന്നവരുടെ കൈയ്യിലാണോ ബില്ലുകൊടുക്കുന്നതെന്ന്. സപ്ലെയര്‍ അന്തം വിട്ടു നില്‍ക്കുമ്പോള്‍ വിജയന്‍ ചിരിച്ചു കൊണ്ട് ബില്ലുകൊടുക്കുകയായിരുന്നു. 

വിജയനൊപ്പം യാത്ര പോകുമ്പോള്‍ ഒപ്പമുള്ളവര്‍ക്കെല്ലാം ഭക്ഷണം വാങ്ങിക്കൊടുക്കുമായിരുന്നു. വൈകിട്ടു വീട്ടില്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ പലഹാരങ്ങള്‍ വാങ്ങിയാല്‍ ഒപ്പമുള്ളവര്‍ക്കും വാങ്ങി നല്‍കണമെന്ന നിര്‍ബന്ധബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു പത്രത്തില്‍ വിജയന്‍ വാര്‍ത്ത കൊടുത്താല്‍ വരില്ലെന്ന നില വന്നു. ഇതു തുടരുന്നതിനിടെ പത്രത്തിന്റെ ചീഫ് എഡിറ്ററെ കണ്ട് വിവരം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്ത കൊടുത്തു കഴിഞ്ഞ് മിച്ചം 'ഉ' വല്ലതും ഉണ്ടെങ്കില്‍ ഉഴവൂര്‍ വിജയന്‍ എന്ന് എഴുതാന്‍ ഉപയോഗിക്കണമെന്ന്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ വിഷയം അവതരിപ്പിച്ചത് ചീഫ് എഡിറ്റര്‍ക്കു ബോധിച്ചു. പിറ്റേന്നു മുതല്‍ ആ പത്രത്തില്‍ വിജയന്റെ പേര് അച്ചടിച്ചു വരാന്‍ തുടങ്ങി. അടുപ്പമുള്ള പത്രക്കാര്‍രോട് താനല്ലാതെ ആരു മരിച്ചാലും ചോദിക്കാതെ അനുശോചനം കൊടുക്കണമെന്ന് കാണുമ്പോഴൊക്കെ പറഞ്ഞിരുന്നു.




തെരഞ്ഞെടുപ്പുകാലത്ത് വിജയനു നല്ല ഡിമാന്റാണ്. ഇടതു മുന്നണിയിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയന്‍ കൂടിയേ തീരൂ. ഒരിക്കല്‍ തൊടുപുഴയില്‍ പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകവെ ഉഴവൂര്‍ വിജയന്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നെല്ലാപ്പാറയില്‍ വച്ച് അപകടത്തില്‍പ്പെട്ട് മറിഞ്ഞു. പരുക്കേറ്റ വിജയനെ അര്‍ദ്ധ അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പുലര്‍ച്ചയോടെ എത്തിച്ചു. വിവരമറിഞ്ഞു ഞാനും മെഡിക്കല്‍ കോളജില്‍ എത്തി. അദ്ദേഹത്തെ കാണാനായി മുറിയില്‍ കയറി. എന്നെ കണ്ടപ്പോള്‍ അടുത്തേയ്ക്ക് വരാന്‍ ആംഗ്യം കാട്ടി. അടുത്തുചെന്നു. ഏതായാലും വണ്ടി മറിഞ്ഞു. വാര്‍ത്ത കുറയ്ക്കേണ്ട. 'വാഹനനാപകടത്തില്‍ പരുക്കേറ്റ ഉഴവൂര്‍ വിജയനെ മെഡിക്കല്‍ കോളജില്‍  പ്രവേശിപ്പിച്ചു'. എന്ന് എല്ലാ പത്രത്തിലും വാര്‍ത്ത വരുത്തണമെന്ന് നിര്‍ദ്ദേശിച്ചു. രാവിലെയായെന്നും പത്രമടിച്ചു കഴിഞ്ഞുവെന്നും ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹം വാശി പിടിച്ചപ്പോള്‍ ഉറപ്പായും മുന്‍പേജില്‍ വരുത്താമെന്ന് അവിടെയുണ്ടായിരുന്ന ഒരു ഡോക്ടര്‍ പറഞ്ഞു. അപ്പോഴാണ് അദ്ദേഹം ശാന്തനായത്. വിജയനുണ്ടായ അപകടം അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ അറിഞ്ഞത് പിറ്റേന്നായിരുന്നു. വിവരം അന്വേഷിക്കാന്‍ അന്നത്തെ കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്ന സത്യജിത് രാജനെ ചുമതലപ്പെടുത്തി. ആശുപത്രിയിലെത്തിയ കളക്ടര്‍ വിജയനു അപകടം പറ്റിയത് ഇപ്പോഴാണ് അറിഞ്ഞതെന്നു പറഞ്ഞു. ഇനി അപകടം പറ്റുന്നതിനു മുന്നേ അറിയിക്കാം എന്നായിരുന്നു വിജയന്റെ കമന്റ്. 

പാലാ നിയമസഭാ തെരഞ്ഞെടുപ്പ് മത്സര പരാജയത്തെക്കുറിച്ചു ചോദിപ്പോഴും തമാശയ്ക്ക് വിജയന്‍ അവസരമൊരുക്കി. തെരഞ്ഞെടുപ്പില്‍ വീര ചരമമായിരുന്നു. ഓട്ടോ ഇടിച്ചല്ല; ഒന്നാന്തരം ബെന്‍സിടിച്ചാണ് തെരഞ്ഞെടുപ്പ് മരണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായപ്പോള്‍ തമാശ കുറയ്ക്കണമെന്നും സീരിയസ് ആകണമെന്നും സുഹൃത്തുക്കള്‍ വിജയനെ ഉപദേശിച്ചു. തമാശ ഉണ്ടെങ്കിലേ ഉഴവൂര്‍ വിജയന്‍ ഉള്ളൂവെന്നും തമാശ ഇല്ലെങ്കില്‍ ഉഴവൂര്‍ പരാജയന്‍ ആണെന്ന നിലപാടിലായിരുന്നു അദ്ദേഹം.

കലയെയും കലാകാരന്മാരെയും വിജയനു ഏറെ ഇഷ്ടമായിരുന്നു. മിക്കവാറും സിനിമകള്‍ കാണുകയും ചെയ്തിരുന്നു. സ്‌കൂള്‍ കോളജ് കാലഘട്ടത്തില്‍ നാടകങ്ങളിലെ സ്ഥിരം അഭിനേതാവായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഒട്ടേറെ സിനിമകളില്‍ അഭിനയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 

ഒരിക്കല്‍ രാഷ്ട്രീയ തിരക്ക് കാരണം ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. ആ സിനിമയുമായി ബന്ധപ്പെടുത്താന്‍ ഒരു സൂത്രം വിജയന്‍ കണ്ടെത്തി. സിനിമയുടെ പ്രചാരണ നോട്ടീസില്‍ ബോക്സ് ന്യൂസ്. അതില്‍ ഉഴവൂര്‍ വിജയന്‍ അഭിനയിക്കാത്ത ഒരു ചിത്രം എന്ന തലക്കെട്ടില്‍ വാര്‍ത്ത കൊടുത്താണ് ആ സിനിമയുമായുള്ള തന്നെ ബന്ധം വെളിവാക്കിയത്.

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു ആരോപണത്തെ ഒരു സ്വര്‍ണ്ണ പണയ സ്ഥാപനത്തിന്റെ പരസ്യവുമായി ബന്ധപ്പെടുത്തി തമാശ സൃഷ്ടിച്ചത് ഏറെ കൈയ്യടി കിട്ടിയ ഇനമായിരുന്നു. ആരോപണ വിധേയനായ നേതാവിന്റെ വീട്ടില്‍ നേതാവിനെക്കാണാന്‍ മറ്റു നേതാക്കള്‍ ചെന്നു. കാപ്പിയുമായി നേതാവിന്റെ ഭാര്യ വന്നപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാവ് 'വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ' എന്നു പാടിയെന്നായിരുന്നു വിജയന്റെ കണ്ടെത്തല്‍.
മറ്റൊരിക്കല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ ഇടതു മുന്നണിയുടെ രാപകല്‍ സമരം നടക്കുന്നു. പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനുമടക്കമുള്ള നേതാക്കള്‍ക്കൊപ്പം ഉഴവൂര്‍ വിജയനുമുണ്ട്. ഒരു പത്ര ഫോട്ടോഗ്രാഫര്‍ക്ക് പിണറായിയുടെ ചിരിക്കുന്ന ഫോട്ടോ വേണം. ഉഴവൂരിനെ സമീപിച്ചു. ഉഴവൂര്‍ സംഗതി ഏറ്റു. ക്യാമറ റെഡിയാക്കി നില്‍ക്കാന്‍ പറഞ്ഞിട്ടു പിണറായിയുടെ അടുത്ത് ചെന്ന് ചെവിയില്‍ എന്തോ പറഞ്ഞതും പിണറായി വിജയന്‍ ചിരിച്ചു. ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തുകയും ചെയ്തു. ഫോട്ടോഗ്രാഫര്‍ ചിരി സൂത്രവാക്യം ചോദിച്ചപ്പോള്‍ വിജയന്‍ സീക്രട്ട് പറഞ്ഞില്ല. എന്നാല്‍ പിന്നീട് സുഹൃത്തുക്കളോട് രണ്ടു മിനിറ്റുകൊണ്ട് പിണറായിയെ ചിരിപ്പിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി. രാത്രിയില്‍ തലമുടി നീട്ടി വളര്‍ത്തിയ പന്ന്യന്‍ രവീന്ദ്രനൊപ്പം ഒറ്റയ്ക്കു പോയിക്കിടക്കരുതെന്നും കിടന്നാല്‍ തെറ്റിദ്ധരിച്ച് ഏതെങ്കിലും പത്ര ഫോട്ടോഗ്രാഫര്‍ പടമെടുത്താല്‍ കേസാകുമെന്നും ഉഴവൂര്‍ ശൈലിയില്‍ തമാശ സീരിയസായി പറഞ്ഞപ്പോഴായിരുന്നു പിണറായി ചിരിച്ചത്.

സിനിമാ ഡയലോഗ് പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചു കേള്‍വിക്കാരെ ആവേശം കൊള്ളിക്കാന്‍ ഉഴവൂര്‍ വിജയനു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. വടക്കന്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഹന്‍ലാലിന്റെ 'വഴിമാറടാ മുണ്ടയ്ക്കല്‍ ശേഖരാ' എന്ന ഡയലോഗ് ആവേശത്തോടെ പറഞ്ഞതിനൊപ്പം ഉഴവൂരിന്റെ വെപ്പ് പല്ലും വായില്‍ നിന്നും അന്തരീക്ഷത്തിലേയ്ക്ക് ചാടി. പിന്നീട് ചാനലുകള്‍ ഇതിനെ കോമഡിയാക്കി. പല്ല് പോയതു കൊണ്ട് എല്ലാ ചാനലുകളിലും വാര്‍ത്ത വന്നു. അല്ലെങ്കില്‍ ആ പരിപാടി ആരും ശ്രദ്ധിക്കില്ലായിരുന്നു എന്നായിരുന്നു ഉഴവൂരിന്റെ പക്ഷം.

ചെറുതും വലുതുമായ ഒട്ടേറെ തമാശകള്‍ ഓരോരുത്തരുടെയും മനസില്‍ ഏല്‍പ്പിച്ചിട്ടാണ് ഉഴവൂര്‍ വിജയന്‍ മണ്‍മറഞ്ഞത്.

ഏതു രാഷ്ട്രീയപാര്‍ട്ടിക്കാരനായാലും നാട്ടുകാരുമായി നല്ല സൗഹൃദമായിരുന്നു ഉഴവൂര്‍ വിജയനുയായിരുന്നത്. അദ്ദേഹം മരിച്ചപ്പോള്‍ ജന്മനാടായ കുറിച്ചിത്താനത്ത് എല്ലാ രാഷ്ട്രീയ കക്ഷികളും അനുശോചന ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ചത്.

വിജയേട്ടനായി, ഉഴവൂര്‍ജിയായി, ഉഴവൂരാനായി സ്നേഹിതരുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ ഉഴവൂര്‍ വിജയന്‍ എക്കാലവും നിറഞ്ഞു നില്‍ക്കാന്‍ ഇടയാക്കുന്നത് അദ്ദേഹം കര്‍മ്മമണ്ഡലത്തില്‍ പുലര്‍ത്തിയ ഹൃദയബന്ധങ്ങളാണ്........ എബി എഴുതുന്നു.


എബി ജെ. ജോസ്
ചെയര്‍മാന്‍
 കെ.ആര്‍. നാരായണന്‍  ഫൗണ്ടേഷന്‍, പാലാ 686575
ഫോണ്‍:9447702117




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments