തായ്ലൻഡിൽ വെച്ച് നടന്ന ഏഷ്യൻ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ഇന്ത്യൻ ടീമിൽ അംഗമായ പാലാ വലവൂർ സ്വദേശി എഡ്വിൻ പോൾ സിബിയെ പാലാ എം.എൽ.എ മാണി. സി. കാപ്പൻ ആദരിച്ചു. അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന വോളിബോൾ എഡ്വിൻ സിബിയെ പോലുള്ളവരുടെ കൈകളിലൂടെ വളരുന്നതിൽ ഒരു കായിക താരം എന്നനിലയിൽ തനിക്ക് അഭിമാനം ഉണ്ടെന്ന് മാണി സി കാപ്പൻ പറഞ്ഞു.
തന്റെ ചെറുപ്പക്കാലത്ത് സൈക്കിളിൽ വലവൂരിൽ എത്തി കളിച്ചിരുന്നകാലത്തെ അനുഭവങ്ങൾ എം.എൽ.എ പങ്കുവയ്ക്കുകയും വലവൂരിൽ ഉള്ള തന്റെ പഴയ സഹകളിക്കാരുടെ വിവരങ്ങൾ തിരക്കുകയും ചെയ്തു. എൻ. സുരേഷ്, സന്തോഷ് കുര്യത്ത്, ബിനു കുമ്പംകാവിൽ, ജോയ് നെച്ചിയിൽ, അലൻ കക്കാട്ടിൽ, ജോപ്പി ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കോട്ടയം ഗിരിദീപം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ എഡ്വിൻ സിബി കേരളാ സ്പോർട്സ് കൗൺസിലിന്റെ ഗിരിദീപം അക്കാദമിയിൽ ലാലു ജോണിന്റെ കീഴിലാണ് പരിശീലനം നേടുന്നത്. 16 വയസ്സു താഴെയുള്ള ആൺകുട്ടികളുടെ ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ ഏക മലയാളിയാണ് എഡ്വിൻ. 2026 ൽ ഖത്തറിൽ വച്ചു നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യൻ ടീം യോഗ്യത നേടി.
0 Comments