ജനങ്ങൾക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിതം ഹോമിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്ന് രാഹുൽഗാന്ധി
കോട്ടയത്ത് പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനവും, വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
21 വർഷത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്ര മാത്രം തന്നെ സ്വാധീനിച്ച മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത വിധത്തിൽ ക്രിമിനൽ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി, എന്നിട്ടും ഒരിക്കലും ഒരു മോശം പരാമർശം ഉമ്മൻചാണ്ടി ഇതേക്കുറിച്ച് നടത്തിയിട്ടില്ലെന്ന് രാഹുൽഗാന്ധി ചൂണ്ടക്കാട്ടി.
പല അർത്ഥത്തിലും തൻ്റെ ഗുരുവായ ഉമ്മൻചാണ്ടി, നന്മയുടെ സന്ദേശം കൈമാറി പലരുടെയും ഗുരുവായി മാറി.
ഉമ്മൻചാണ്ടിയെപ്പോലെ ഉള്ള വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക എന്നതാണ് ഏവരുടെയും ഉത്തരവാദിത്വമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കെപിസിസി നടപ്പിലാക്കുന്ന ശ്രുതി തരംഗം പദ്ധതിയിലൂടെ മൂന്നു കുട്ടികൾക്ക് കൊക്ലിയർ ഇംമ്പ്ലാൻ്റ് ശസ്ത്രക്രിയക്കുള്ള സഹായം, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നൽകുന്ന 11 വീടുകളുടെ താക്കോൽദാനം എന്നിവയും രാഹുൽഗാന്ധി നിർവഹിച്ചു.
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
0 Comments