ഒറ്റയാന്‍കളി ഇവിടെ വേണ്ട.... പാലാ ജനറല്‍ ആശുപത്രിക്കെതിരെ പരാതി, ആര്‍.ജെ.ഡി. പ്രതിനിധി പീറ്റര്‍ പന്തലാനിക്ക് ഇടതുമുന്നണിയില്‍ രൂക്ഷവിമര്‍ശനം.



സുനില്‍ പാലാ

കായകല്പ് അവാര്‍ഡ് നേടിയ പാലാ കെ.എം.മാണി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിക്കെതിരെ നിരന്തര പരാതി, ആര്‍.ജെ.ഡി. പ്രതിനിധി പീറ്റര്‍ പന്തലാനിക്കെതിരെ ഇടതുമുന്നണിയില്‍ രൂക്ഷവിമര്‍ശനം, ഒറ്റയാന്‍കളി വേണ്ടെന്ന് താക്കീത്. 


യു.ഡി.എഫിലെ മാണി സി. കാപ്പന്‍ എം.എല്‍.എ. പോലും ക്ലീന്‍ ആന്റ് നീറ്റ് എന്നഭിപ്രായപ്പെട്ട പാലാ ജനറല്‍ ആശുപത്രിയെക്കുറിച്ച് മീനച്ചില്‍ താലൂക്ക് വികസന സമിതിയിലാണ് ആര്‍.ജെ.ഡി. പ്രതിനിധി പീറ്റര്‍ പന്തലാനി വിവിധ പരാതികളുന്നയിച്ചത്. ആശുപത്രിക്കെതിരെ ബാലിശമായ കാര്യങ്ങളുയര്‍ത്തി ഇടതുമുന്നണിയില്‍പ്പെട്ട പ്രതിനിധി തന്നെ പരാതികളുന്നയിക്കുന്നത് മുന്നണിയിലും തലവേദന സൃഷ്ടിച്ചിരുന്നു. ഈ വിഷയം പിന്നീട് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജൂലൈ 6ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 


കഴിഞ്ഞദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ള ഇടതുമുന്നണി നേതാക്കള്‍ പീറ്റര്‍ പന്തലാനിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. പ്രതിപക്ഷ എം.എല്‍.എ. പോലും ആശുപത്രിയെക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ നിരന്തരം പരാതിയുമായി ഇടതുമുന്നണിയില്‍ നിന്നുതന്നെ ഒരാള്‍ പ്രവര്‍ത്തിക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികളും ചൂണ്ടിക്കാട്ടി. 
 
പരാതികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയിലോ അല്ലെങ്കില്‍ ഇടതുമുന്നണിയിലോ ആണ് ഉന്നയിക്കേണ്ടതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. അല്ലാതെ ഒറ്റയ്ക്ക് മിടുക്കനാകാന്‍വേണ്ടി നിരന്തരം പരാതികള്‍ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഈ രീതിയില്‍ മേലില്‍ മുന്നോട്ട് പോകരുതെന്നും യോഗം പീറ്റര്‍ പന്തലാനിയോട് ആവശ്യപ്പെട്ടു. 


ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷി നേതാവ് പോലും പീറ്റര്‍ പന്തലാനിയെ പിന്തുണയ്ക്കാനെത്തിയില്ല. ബാലിശമായ കാര്യങ്ങള്‍ നിരത്തി പരാതികളുന്നയിക്കുന്നത് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്കും തലവേദനയായിരുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments