ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി.
പുതുക്കാട് പൂക്കോടന്‍ മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പനഗർ സ്വദേശി സിജോ ജോൺ(40) ആണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാറിൽ മദ്യപിക്കാൻ എത്തിയ സിജോ ജോൺ കൂടുതൽ ടച്ചിങ്സ് നൽകാത്തതിനെ ചൊല്ലി കൗണ്ടർ ജീവനക്കാരുമായി തർക്കമുണ്ടായി. ബഹളം വെച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കി. ഈ വൈരാഗ്യത്തിലാണ് രാത്രി ബാറടക്കുന്ന സമയം വരെ കാത്തുനിന്ന് സിജോ, പുറത്തിറങ്ങിയ ഹേമചന്ദ്രനെ കഴുത്തിൽ കുത്തി ഓടിമറഞ്ഞത്.
രാത്രി 11.30 ഓടെ ഹേമചന്ദ്രൻ ബാറിൽ നിന്നിറങ്ങി മുന്നിലുള്ള ചായക്കടയിലെത്തി. ഈ സമയത്താണ് മറഞ്ഞിരുന്ന സിജോ ചാടി വീണ് കഴുത്തിൽ കുത്തിയത്. ഹേമചന്ദ്രനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതിയെ പൊലീസ് പിടികൂടി.
0 Comments