താത്കാലിക വിസി നിയമനം ഗവർണർ നേരിട്ടു നടത്താൻ പാടില്ലെന്ന് ഹൈക്കോടതി. ഗവര്‍ണറുടെ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിസി നിയമനം സര്‍ക്കാര്‍ നല്കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണമെന്നും കോടതി പറഞ്ഞു. സിസ തോമസിന്റെയും ഡോ. കെ. ശിവപ്രസാദിന്റെയും ഹര്‍ജികളും ഹൈക്കോടതി തള്ളി. സ്ഥിരം വിസി ഇല്ലാത്തത് സര്‍വകലാശാലകളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. താത്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വിസിയെ നേരിട്ട് നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ഗവർണറും കെടിയു – ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വിസിമാരും സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. സർക്കാർ നല്കുന്ന പട്ടികയില്‍നിന്നു മാത്രമേ വിസിയെ നിയമിക്കാൻ ഗവർണർക്ക് അധികാരമുള്ളൂ എന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
സിസാ തോമസിനേയും ഡോ. കെ. ശിവപ്രസാദിനേയും മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് നിയമിക്കുകയായിരുന്നു. സർക്കാർ പട്ടിക അവഗണിച്ചായിരുന്നു നിയമനം. ഇതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഗവർണർ സർക്കാർ നല്കുന്ന പട്ടികയില്‍ നിന്നു മാത്രമേ വിസിയെ നിയമിക്കാവൂഎന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സർവകലാശാലകളില്‍ നിന്ന് യോഗ്യതയുള്ള അധ്യാപകരുടെ പട്ടിക വാങ്ങിയാണ് ആരിഫ് മുഹമ്മദ് ഖാൻ താല്‍ക്കാലിക വിസി മാരെ നിയമിച്ചത്.
0 Comments