കണ്ണേ കരളേ വിഎസേ.. എന്ന് ജനങ്ങള്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചത് ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നതിന് ജനം നല്‍കിയ ഹൃദയസമ്മാനം. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും നേടിയെടുക്കാനാവാത്ത ജനസ്വീകാര്യതയും പിന്തുണയും. ഓരോ ദുരന്തത്തിലും മുഴങ്ങുന്നത് ഭൂമാഫിയകളുടെ പണക്കൊഴുപ്പിന് വിട്ടുകൊടുക്കാനുള്ളതല്ല സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും എന്ന വാക്കുകള്‍.. വി എസിന് വിട


കണ്ണേ കരളേ വിഎസേ... എന്ന് ജനങ്ങൾ ആവേശത്തോടെ വി.എസ് അച്ചുതാനന്ദനെക്കണ്ട് ആർത്തുവിളിച്ചതിന്റെ കാരണങ്ങൾ ഇനി വരുന്ന തലമുറകൾക്ക് പഠനവിഷയമായിരിക്കും.

കേരളത്തിൽ ഇന്നു വരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത ജനസ്വീകാര്യതയാണ് വി.എസിന് ലഭിച്ചത്. ഏത് വിഷയങ്ങളിലും ജനങ്ങൾക്കൊപ്പം നിന്ന നേതാവിന് ജനം തിരിച്ചുനൽകിയത് ഹൃദയം നിറഞ്ഞ സ്നേഹമായിരുന്നു. ചട്ടങ്ങൾക്ക് മുകളിലാണ് ജനക്ഷേമം ഇതായിരുന്നു എക്കാലവും വി.എസിന്റെ ലൈൻ.ജനങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുള്ളവരുണ്ടെങ്കിലും എല്ലാവർക്കും വി.എസ് എന്നാൽ ആശയവും ആവേശവുമായിരുന്നു. ഇനിയുള്ള കാലം കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവിനും നേടിയെടുക്കാനാവാത്ത ജനസ്വീകാര്യതയും പിന്തുണയുമാണ് വി.എസ് ആർജ്ജിച്ചത്. അതാണ് വി.എസ് കടന്നുപോവുമ്പോൾ യുഗാന്ത്യം എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കാനാവുന്നത്. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പ്രധാനപ്പെട്ടതു തന്നെയെങ്കിലും ജനക്ഷേമം അതിനും മുകളിലാണെന്ന കാഴ്ചപ്പാട് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നായിരുന്നു വി.എസ് പലവട്ടം പറഞ്ഞിരുന്നത്. 



ജനങ്ങൾക്കും വേണ്ടത് ഇതുതന്നെയായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിനു മുൻപും ശേഷവുമുള്ള കാലയളവിലും വകുപ്പുകളിൽ നിന്ന് വകുപ്പുകളിലേക്ക് അനന്തമായുള്ള ഫയലുകളുടെ തട്ടിക്കളി അവസാനിപ്പിക്കണമെന്നും ചുവപ്പുനാടയുടെ കുരുക്കഴിക്കാൻ ജനസേവന കാഴ്ചപ്പാടിന് മുൻതൂക്കമുണ്ടാകണമെന്നും വി.എസ് നിലപാടെടുത്തു.  പൊതു ജനങ്ങളെ സംബന്ധിച്ചിടത്തോളം, അവരുടെ പരാതി-പരിഹാര സംവിധാനങ്ങൾ അപര്യാപ്തവും, കാര്യക്ഷമത കുറഞ്ഞതുമാണ്. അർഹതപ്പെട്ട സേവനം തേടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന സാധാരണക്കാരന്റെ വിഷമതകൾ നമുക്കറിയാം.  
 സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ വന്നുകൊണ്ടിരിക്കുന്ന പോരായ്മകളെ സംബന്ധിച്ചും അതിന്റെ പരിഹാരനടപടികളെ സംബന്ധിച്ചുമാണ് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനായിരിക്കെ വി.എസിന്റെ നേതൃത്വത്തിൽ പഠനം നടത്തിയത്. ജാതി, മത സംഘടനകളെ കൂടെ കൂട്ടിയാൽ നവോത്ഥാനം സാദ്ധ്യമല്ലെന്ന് വനിതാമതിലിനെ എതിർത്ത് വി.എസ് എടുത്ത നിലപാടിന് ഇപ്പോഴും പ്രസക്തിയുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പോലും മതസംഘടനകളെ ഒപ്പം ചേർക്കുന്നതും വർഗ്ഗീയതയുമായിരുന്നു പ്രചാരണ ആയുധം. 


 സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന വനിതാ മതിലിന് എതിരായിരുന്നു വി.എസ്. ജാതി സംഘടനകളെ കൂടെ കൂട്ടിയാൽ നവോത്ഥാനം സാധ്യമല്ലെന്ന് അദ്ദേഹം സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. നവോത്ഥാന പ്രവർത്തനങ്ങളിൽ ജാതി സംഘടനകളെ കൂട്ടുന്നതിൽ വെെരുദ്ധ്യമുണ്ട്. നവോത്ഥാനത്തിന്റെ പേരിൽ പാർട്ടി നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നത് ആത്മഹത്യപരമാണ്.  ആർ.എസ്.എസിനെ എതിർക്കുമ്പോൾ തന്നെ എൻ.എസ്.എസ് പോലുള്ള ജാതി സംഘടനയെ കൂടെ കൂട്ടാൻ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റത്തെ കേരളത്തിലെ പാർട്ടി രാഷ്ട്രീയമായും സംഘടനാപരമായും മറികടന്നിട്ടുണ്ടെന്നും വി.എസ് അന്ന് പറഞ്ഞതാണ് ഇന്ന് പാർട്ടി ഏറ്റുപറയുന്നത്. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ അതിശക്തമായി രംഗത്തെത്തിയതും വി.എസായിരുന്നു. സംവരണം സാമ്പത്തിക പദ്ധതി അല്ലെന്നും മുന്നോക്ക സംവരണത്തെ മുൻ കാലങ്ങളിൽ സിപിഎം എതിർത്തതാണെന്നും അദ്ദേഹം തുറന്നടിച്ചു. വാജ്‌പേയി സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ തീരുമാനമെടുത്തപ്പോൾ സി.പി.എം എതിർത്തതാണ്. 
 സംവരണം വോട്ടു ബാങ്ക് രാഷ്ട്രീയമായി തരംതാഴ്ത്താനുള്ള ശ്രമമാണ് ബി.ജെ.പിയുടേത്. സാമ്പത്തിക സംവരണ ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ  സി.പി.എം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലിച്ചതിനിടയിലാണ് വി.എസ് എതിർ നിലപാടുമായി രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ താരപ്രചാരകൻ ആക്കാത്തതിനെതിരേ വി.എസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് പാർട്ടിയെ പൊള്ളിച്ചു. "ഇത്തവണ ഞാൻ താര പ്രചാരകനല്ല എന്നൊരു വാർത്ത പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. 
 ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമൻ' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണത്രെ, അത്. ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും.- വി.എസ് പോസ്റ്റിൽ കുറിച്ചു. തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്നായിരുന്നു എക്കാലവും വി.എസ്. അച്യുതാനന്ദന്റെ നിലപാട്. മൂന്നാംമുറ മിടുക്കായി കരുതുന്ന പൊലീസുകാരുണ്ടെന്നും അത് അവസാനിക്കേണ്ട കാലം കഴിഞ്ഞുവെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. പൊലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ എന്താകുമെന്ന് കണ്ണ് തുറന്ന് കാണണമെന്നും വി.എസ് ചോദിച്ചിരുന്നു. കനത്ത മഴക്കാലത്ത്  ഖനനവിലക്ക്   സർക്കാർ പിൻവലിച്ചതിനെതിരെയും വി.എസ് രംഗത്തെത്തിയിരുന്നു. താഴ്വാരങ്ങളിൽ മൃതദേഹം തിരയുന്നതിനിടയിൽ കുന്നിൻ മുകളിലെ ക്വാറികൾക്ക് അനുമതി നൽകുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്താൻ സർക്കാരിന് കഴിയണമെന്നായിരുന്നു വിമർശനം. 


ഭൂമാഫിയകളുടെ പണക്കൊഴുപ്പിന് വിട്ടുകൊടുക്കാനുള്ളതല്ല സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും. കേരളം രണ്ടാമത്തെ പ്രളയവും കടന്നുപോയ സാഹചര്യത്തിലായിരുന്നു  വി.എസിന്റെ ഖനനവിരുദ്ധ താക്കീത്. മണ്ണൊലിപ്പും ഉരുൾപൊട്ടലും ഉണ്ടായ മേഖലകളിലെല്ലാം കുന്നിടിക്കലിന്റേയും തടയണകളടേയും ക്വാറികളടേയും സാന്നിദ്ധ്യമുണ്ട് എന്നത് കേവലം യാദൃഛികമല്ലെന്നാണ് വിദഗ്ധരുടെ പ്രതികരണങ്ങളിൽ നിന്ന് കാണുന്നത്. താഴ്വാരങ്ങളിലെ കുടിലുകളും ചെറു ഭവനങ്ങളുമാണ് മാഫിയകളുടെ ആർത്തിയിൽ ഒലിച്ചുപോയത്.  കുന്നിൻ മുകളിൽ ഇത്തരം വികസനം നടത്തുന്നത് നവകേരള നിർമ്മാണം എന്ന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്. ഇക്കാര്യത്തിൽ ശാസ്ത്രീയ കാഴ്ച്ചപ്പാടുയർത്തിപ്പിടിച്ച് നടപടികളിലേക്ക് കടക്കുകയാണ് ഭരണകൂടങ്ങളുടെ ചുമതല- പിന്നീട് ആവർത്തിച്ച് ദുരന്തങ്ങളുണ്ടായപ്പോഴെല്ലാം വി.എസിന്റെ വാ‌ക്കുകൾ കാലികവും കൂടുതൽ പ്രസക്തവുമായി മാറുകയായിരുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments