നവോദയ വിദ്യാലയത്തില്‍ ടാഗോര്‍ ശില്പ അനാച്ഛാദനം


സുനില്‍ പാലാ

കോട്ടയം ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് കടന്നുചെല്ലുന്നവരെ ഇന്ന് മുതല്‍ സ്വാഗതം ചെയ്യാന്‍ ജീവന്‍ തുടിക്കുന്ന രവീന്ദ്രനാഥ ടാഗോറിന്റെ പൂര്‍ണ്ണകായ ശില്പവും. ഇതിന്റെ അനാച്ഛാദനം ഇന്ന് (12.7) ഉച്ചതിരിഞ്ഞ് 2 ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. 
 

 
സ്‌കൂള്‍ അങ്കണത്തില്‍ മുമ്പ് ഗാന്ധിജിയുടെ ശില്പമൊരുക്കിയ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ രാജേഷ് കുമാര്‍ തന്നെയാണ് രവീന്ദ്രനാഥ ടാഗോറിന്റെയും പൂര്‍ണ്ണകായ ശില്പമൊരുക്കിയിട്ടുള്ളത്. ചിത്രകലയിലും ശില്പകലയിലും ഫോട്ടോഗ്രാഫിയിലുമൊക്കെ ശ്രദ്ധേയനായ രാജേഷ് കുമാറിന്റെ നിര്‍മ്മിതിയിലെ ഏറ്റവും വലിയ പൂര്‍ണ്ണകായ ശില്പമാണിത്. നാലര മാസമെടുത്ത് പന്ത്രണ്ടടി ഉയരത്തില്‍ സിമന്റിലാണ് ശില്പമൊരുക്കിയിട്ടുള്ളത്. ഒരു കയ്യില്‍ പുസ്തകവുമേന്തി നില്‍ക്കുന്ന ടാഗോറിന്റെ ശില്പമാണ് തയ്യാറാക്കിയിട്ടുള്ളത്.

ഭാരതത്തിന്റെ സംസ്‌കൃതിയും, സാഹിത്യവും, ലോകമാനവത്വത്തിന്റെ മഹത്വവും പ്രതിഫലിപ്പിക്കുന്ന ടാഗോര്‍ എന്ന മഹാനുഭവത്തിന്റ സ്മരണയ്ക്കായാണ് വിദ്യാലയാങ്കണത്തില്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ ശില്പം കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോളി വിന്‍സെന്റ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സാംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും ടാഗോര്‍ സ്നേഹിച്ച മനുഷ്യത്വം മനസ്സിലാക്കാനും ഈ ശില്പം വഴിയൊരുക്കിയാല്‍ താന്‍ ധന്യനായെന്ന് ശില്പി രാജേഷ് കുമാര്‍ ''കേരള കൗമുദി''യോട് പറഞ്ഞു. ഇതോടൊപ്പം ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന 'രബീന്ദ്ര ഉത്സവ്'നു കൂടി തിരിതെളിയുകയാണ്. കവിതാ പാരായണം, സെമിനാര്‍, പ്രസംഗമത്സരം, ഉപന്യാസ രചന, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ ഇതൊടാനുബന്ധിച്ച് നടത്തുന്നുണ്ട്. 



രാജേഷിന്റെ രാജകല

ലോകപ്രശസ്ത ജലഛായ ചിത്രകാരനായ പി.എസ്. പുണിഞ്ചിത്തായയുടെ ശിഷ്യനായ രാജേഷ് കുമാര്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെയാണ് പെയിന്റിംഗില്‍ ബിരുദം നേടിയത്. ബാംഗ്ലൂര്‍, മൈസൂര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അബോഡ് ഓഫ് ഗോഡ് എന്ന പത്തനംതിട്ട ജില്ലയെക്കുറിച്ചുള്ള രാജേഷിന്റെ ഡോക്യുമെന്ററി ഏറെ പ്രശംസ നേടിയിരുന്നു. എറണാകുളം പാര്‍പ്പാകോട് കട്ടിമുട്ടം കളപ്പുരത്തട്ടയില്‍ പ്രമുഖ ജ്യോതിഷ പണ്ഡിതനും റിട്ടയേര്‍ഡ് അധ്യാപകനുമായ വിജയന്‍ മാസ്റ്ററുടെയും രാധയുടെയും മകനാണ് രാജേഷ് കുമാര്‍. കോട്ടയം തലയോലപ്പറമ്പ് വരിക്കാംകുന്ന് സ്വദേശിനിയായ ശ്രീജയാണ് ഭാര്യ. ഏഴാംക്ലാസില്‍ പഠിക്കുന്ന ബദരീനാഥും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അളകനന്ദയുമാണ് മക്കള്‍.  മുമ്പ് സ്‌കൂളില്‍ ഗാന്ധിജിയുടെ ശില്പമൊരുക്കിയും രാജേഷ്‌കുമാര്‍ ശ്രദ്ധേയനായിരുന്നു. 

അനാച്ഛാദനം ഇന്ന്

ടാഗോര്‍ പ്രതിമയുടെ അനാച്ഛാദനം ഇന്ന് 2 ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ജോളി വിന്‍സന്റ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ എ.റ്റി. ശശി നന്ദിയും പറയും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments