ളാലംതോട്ടില്‍ ഒഴുക്കില്‍പ്പെട്ട 2 വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തി.



ളാലംതോട്ടില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ  രക്ഷപെടുത്തി. പാലാ നഗരസഭാ മൂന്നാം വാര്‍ഡില്‍ കൊണ്ടാട്ടുകടവില്‍ മൂന്നരയോടെയാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടായത്. ളാലം പേണ്ടാനത്ത് രാജന്‍ കനിയപ്പയുടെ മകന്‍ ഹൃഷാം രാജ്, സഹോദരിയുടെ മകന്‍ കിച്ചു എന്ന് വിളിക്കുന്ന ആദില്‍ എന്നിവരാണ് കൊണ്ടാട്ടുകടവിലെ ചെക്കുഡാമില്‍ ഒഴുക്കില്‍പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും രക്ഷപെടുത്തിയത്.  വീട്ടിലെത്തിയ ആദിലുമൊന്നിച്ചാണ് ഹൃഷാം വെള്ളത്തിലിറങ്ങിയത്. 


ഇടയ്ക്ക് ഇരുവരും ഒഴുക്കില്‍പെടുകയായിരുന്നു. ഇവര്‍ ഒഴുകിപോകുന്നത് കണ്ട് ഇതുവഴിയെത്തിയ ജലജ എന്ന സ്ത്രീയാണ് വിവരം അടുത്ത വീട്ടിലറിയിച്ചത്. തുടര്‍ന്ന് നഗരസഭാ ചെയര്‍മാനെ വിവരം അറിയിക്കുകയും പാലാ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയും ചെയ്തു. ഒഴുകിപോയ കുട്ടികള്‍ തോടിന് വശത്തെ കാട്ടുചെടികളില്‍ പിടിച്ചുകിടക്കുകയും പ്രദേശവാസികളായ ദാസന്‍, ശങ്കരന്‍കുട്ടി, നീന്തല്‍താരമായ കെവിന്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ കരയ്ക്ക് കയറ്റുകയുമായിരുന്നു.


  ചെക്ക്ഡാമിന്റെ മറുകരയില്‍ കുടുങ്ങിയ ഇരുവരെയും ഫയര്‍ഫോഴ്‌സ് വടംകെട്ടി കുറുകെ കടത്തി മറുകരയെത്തിച്ചു. സംഭവമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. ഏതായാലും വലിയൊരു അപായം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments