കാനഡയിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം അനാച്ഛാദനം ചെയ്തു . 51 അടി ഉയരമുള്ള ശ്രീരാമ ശില്‍പ്പം ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ മിസിസാഗ നഗരത്തിലെ ഹിന്ദു ഹെറിറ്റേജ് സെന്ററിലാണ് സ്ഥാപിച്ചത് . വേദോമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെയാണ് ശില്പം സ്ഥാപിച്ചത്.
കാനഡയിലുടനീളമുള്ള ആയിരക്കണക്കിന് ഭക്തർ, വനിതാ-ലിംഗസമത്വ മന്ത്രി റീച്ചി ഐലീൻ വാല്‍ഡെസ്, ട്രഷറി ബോർഡ് പ്രസിഡന്റ് ഷഫ്ഖത്ത് അലി, അന്താരാഷ്‌ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ധു, ഹൗസ് ഓഫ് കോമണ്‍സിലെ പ്രതിപക്ഷ നേതാവ്, മറ്റ് നിരവധി ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച്, ടൊറന്റോയിലെ ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ കപിദ്വാജ് പ്രതാപ് സിംഗ് ചടങ്ങില്‍ പങ്കെടുത്തു.
നാല് വർഷം കൊണ്ടാണ് ശില്പ നിർമ്മാണം പൂർത്തീകരിച്ചത് . ഇന്തോ-കനേഡിയൻ വ്യവസായി ലാജ് പരാശറിന്റെ സംഭാവനകളുടെയും ഹിന്ദു സമൂഹത്തിന്റെ പരിശ്രമത്തിന്റെയും ഫലമായാണ് ഇത് സാധ്യമായത്.
മണിക്കൂറില്‍ 200 കിലോമീറ്റർ വരെ വേഗതയില്‍ വീശുന്ന ശക്തമായ കാറ്റിനെയും ഈ പ്രതിമയ്‌ക്ക് നേരിടാൻ കഴിയും. അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നതെന്ന് മുഖ്യപുരോഹിതൻ ആചാര്യ സുരീന്ദർ ശർമ്മ ശാസ്ത്രി പറഞ്ഞു.
0 Comments