ജില്ലയിലെ വെള്ളപ്പൊക്ക നിയന്ത്രണം - മുഖ്യമന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ച് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി


ജില്ലയിലെ വെള്ളപ്പൊക്ക നിയന്ത്രണം - മുഖ്യമന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ച് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി

 രണ്ടായിരത്തി പതിനെട്ടിന് ശേഷം കോട്ടയം ജില്ലയിൽ തുടർച്ചയായി അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളപ്പൊക്കത്തിനും അതുമൂലമുണ്ടാകുന്ന കെടുതികൾക്കുമുള്ള പരിഹാര നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്ക് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സമർപ്പിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വച്ച് നടത്തിയ സെമിനാറുകളിലും, വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സിമ്പോസിയങ്ങളിലും, സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നും ഉയർന്നുവന്ന അഭിപ്രായങ്ങളും ക്രോഡീകരിച്ചു കൊണ്ടുള്ള നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് നൽകിയത്.  കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ഇതു സംബന്ധിച്ച് ചർച്ച നടത്തിയത്. ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, ബിജോയ് ഈറ്റത്തോട്ട് എന്നിവരും സന്നിഹിതരായിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്ക നിയന്ത്രണം, നദീതട സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ ചർച്ച ചെയ്തു.  വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഇതര വകുപ്പുകളെ കൂടി സംയോജിപ്പിച്ചു കൊണ്ട് നടത്തേണ്ട ദീർഘകാല പദ്ധതികൾ സംബന്ധിച്ച നിർദ്ദേശങ്ങളും ചർച്ചയായി . മീനച്ചിൽ, മണിമല, മൂവാറ്റുപുഴ തുടങ്ങിയ ആറുകളിൽ നിന്നും അധിക മണൽ വാരുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, വേമ്പനാട്ട് കായൽ ശുദ്ധീകരിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 108 കോടി രൂപയുടെ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയും ചർച്ച ചെയ്തു . പാലാ, ഈരാറ്റുപേട്ട തുടങ്ങിയ പട്ടണങ്ങളിലും സമീപപ്രദേശങ്ങളിലും വെള്ളപ്പൊക്കകാലത്ത് വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങളും ഗതാഗത പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നദീതട സംരക്ഷണം ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇതിനോടകം രൂപീകരിച്ചിട്ടുള്ള ഉന്നത അധികാര സമിതിയിൽ ഈ വിഷയം പരിഗണിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിലും അപ്പർകുട്ടനാട് മേഖലയിലും മൂവാറ്റുപുഴ ആറുമായി ബന്ധപ്പെട്ടുണ്ടാകുന്ന വെള്ളപ്പൊക്ക വിഷയങ്ങളും രേഖ മൂലം സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ പൊതുജലാശയങ്ങളും ശുദ്ധീകരിക്കാനും, സംരക്ഷിക്കാനും, കയ്യേറ്റങ്ങൾ തടയാനുമുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ലോപ്പസ് മാത്യു അറിയിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments