രോഗിയായ വിദ്യാര്‍ത്ഥിയെ കട്ടപ്പന എസ്‌ഐയും പോലീസുകാരും ചേര്‍ന്നു മര്‍ദിച്ചെന്ന കേസ് ഒക്ടോബര്‍ 22ന് മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കും.
തൊടുപുഴ റസ്റ്റ് ഹൗസില്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ സിറ്റിംഗില്‍ ആരോപണ വിധേയരായ പോലീസുകാര്‍ ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ച സാഹചര്യത്തിലാണ് നടപടി. ആസിഫിനോട് പോലീസ് കാണിച്ച ക്രൂരതയുടെ യഥാര്‍ഥ വസ്തുതകള്‍ കമ്മീഷനില്‍നിന്നു മറച്ചുവയ്ക്കാന്‍ ജില്ലാ പോലീസ് മേധാവിയും കട്ടപ്പന ഡിവൈഎസ്പിയും ശ്രമിച്ചത് ഗൗരവമായി കാണുമെന്ന് ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് മുന്പ് നിരീക്ഷണം നടത്തിയ കേസാണിത്.
2024 ഏപ്രില്‍ 25ന് കൂട്ടാര്‍ സ്വദേശിയായ ആസിഫിനെ മര്‍ദിച്ച കട്ടപ്പന എസ്‌ഐയെയും സിപിഒയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനുള്ള കാരണവും ഡിപിസി കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. ആസിഫിന്റെ ബൈക്ക് കൂട്ടുകാരന്‍ ഓടിക്കുന്നതിനിടെ കട്ടപ്പന എസ്‌ഐ കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്ക് വിട്ടുകിട്ടാന്‍ ആസിഫ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു.
ഇതാണ് എസ്‌ഐക്ക് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് ആസിഫ് കമ്മീഷനെ അറിയിച്ചു. ഏപ്രില്‍ 25ന് വാഹന പരിശോധനയ്ക്കിടയില്‍ എസ്‌ഐ ആസിഫിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ചതായി ആസിഫിന്റെ ബന്ധു കൂട്ടാര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടക്കുന്ന അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. എസ്‌ഐ എന്‍.ജെ. സുനേഘ്, എആര്‍ സിപിഒ മനു പി. ജോസ് എന്നിവര്‍ക്കെതിരേയാണ് കേസ്.
0 Comments