തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാറാണ് രജനികാന്ത്.
തനിക്കൊപ്പം വന്നവരില്‍ മിക്കവരും അരങ്ങ് വിട്ടിട്ടും രജനികാന്ത് തലയുയര്‍ത്തി, മുന്നില്‍ നിന്ന് നയിക്കുകയാണ്. 1975 ല്‍ അപൂര്‍വ്വരാഗങ്ങളിലൂടെ ആരംഭിച്ച ആ കരിയറിന് ഇന്ന് കൂലിയിലെത്തി നില്‍ക്കുമ്പോള്‍ പ്രായം അമ്പതാണ്. പുതിയ തലമുറയെപ്പോലും ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ഇന്ത്യന്‍ സിനിമയുടെ തലൈവരായി രജനികാന്ത് വാഴുകയാണ്.
ഓണ്‍ സ്‌ക്രീനില്‍ കെട്ടിയാടിയ മാസ് വേഷങ്ങള്‍ക്കെല്ലാം മുകളിലാണ് ഓഫ് സ്‌ക്രീനില്‍ രജനി കാണിച്ചിട്ടുള്ള മാസ്. ഒരു സുപ്രഭാതം കൊണ്ടല്ല ശിവാജിറാവു ഗെയ്ഗ്വാദ് രജനികാന്തായി മാറിയത്. അതിന് അദ്ദേഹത്തിന് ഒരുപാട് കഷ്ടപ്പാടുകളും യാതനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, അവഹേളനങ്ങളും റിജക്ഷനുകളും നേരിടേണ്ടി വന്നിട്ടുണ്ട്.
തുടക്കകാലത്ത് ഒരു നിര്‍മാതാവില്‍ നിന്നും നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചും അതിന് താന്‍ നല്‍കിയ മറുപടിയെക്കുറിച്ചുമെല്ലാം രജനികാന്ത് മുമ്പ് സംസാരിച്ചിട്ടുണ്ട്. സംഭവം നടക്കുന്നത് 1970 കളുടെ അവസാനത്തിലാണ്. ഭാരതിരാജയുടെ 16 വയതിനിലെ എന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സംഭവം. രജനിയുടെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നാണ് 16 വയതിനിലെ.
16 വയതിനിലെയിലെ പരട്ടൈ എന്ന കഥാപാത്രം രജനിയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തതാണ്. പിന്നാലെ വലിയൊരു താരത്തിന്റെ സിനിമയുടെ ഓഫറുമായി ഒരു നിര്‍മാതാവ് രജനിയെ സമീപിച്ചു. ”അത് നല്ല കഥാപാത്രമായിരുന്നു. എന്റെ പക്കല്‍ ഡേറ്റുമുണ്ടായിരുന്നു. പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. 10000 ല്‍ ആരംഭിച്ച് ഒടുവില്‍ 6000 ലെത്തി നിന്നു. ഞാന്‍ അദ്ദേഹത്തോട് നൂറോ ഇരുന്നൂറോ ടോക്കന്‍ തരണമെന്ന് പറഞ്ഞു. ഇപ്പോള്‍ പണമില്ലെന്നും ഷൂട്ടിന് വരുമ്പോള്‍ ആയിരം തരാമെന്നും നിര്‍മാതാവ് പറഞ്ഞു. എന്നാല്‍ ഷൂട്ടിന്റെ ദിവസം പ്രൊഡക്ഷന്‍ മാനേജര്‍ പണം തന്നില്ല” രജനികാന്ത് പറയുന്നു. നിര്‍മാതാവിനെ വിളിച്ചപ്പോള്‍ അടുത്ത ദിവസം മേക്കപ്പിടും മുമ്പ് പണം നല്‍കിയിരിക്കുമെന്നായിരുന്നു മറുപടി. അടുത്ത ദിവസം പണത്തിനായി ചെന്നപ്പോള്‍ കിട്ടിയ മറുപടി നായകന്‍ വന്നു, വേഗം പോയി മേക്കപ്പിട്ടിരിക്കു എന്നായിരുന്നു. എന്നാല്‍ തനിക്ക് തരാമെന്ന് പറഞ്ഞ 1000 തരാതെ മേക്കപ്പിടില്ലെന്ന് രജനി തീര്‍ത്തു പറഞ്ഞു. അപ്പോഴേക്കും നിര്‍മാതാവ് ഒരു അംബാസിഡര്‍ കാറില്‍ സ്റ്റുഡിയോയില്‍ വന്നിറങ്ങി. കാര്യം അറിഞ്ഞതും നിര്‍മാതാവ് കുതിപതനായി.
‘നീ വലിയ ആര്‍ട്ടിസ്റ്റായോ? കുറച്ച് സിനിമ ചെയ്‌തെന്ന് കരുതി അഡ്വാന്‍സ് കിട്ടാതെ മേക്കപ്പിടില്ലെന്നായോ? നിനക്ക് ഇവിടെ വേഷമില്ല, ഇറങ്ങിപ്പോ’ എന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. തിരികെ വീട്ടില്‍ പോകാന്‍ വണ്ടിയും നല്‍കിയില്ല. അതോടെ സ്റ്റുഡിയോയില്‍ നിന്നും രജനികാന്ത് ഇറങ്ങി നടന്നു. വീട്ടിലേക്ക് നടക്കുമ്പോള്‍ തന്നെ കണ്ട ആരാധകര്‍ 16 വയതിനിലെയിലെ ‘ഇത് എപ്പടിയിരുക്ക്’ എന്ന ഡയലോഗ് ആരാധകര്‍ വിളിച്ച് പറയുന്നത് രജനി ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
ആ നടത്തത്തിനിടെ രജനികാന്ത് ഒരു തീരുമാനമെടുത്തു. ‘ഇറക്കി വിട്ട അതേ എവിഎം സ്റ്റുഡിയോയിലേക്ക് ഫോറിന്‍ കാറില്‍ തിരികെ വരും, ഇല്ലെങ്കില്‍ ഞാന്‍ രജനികാന്ത് അല്ല’. രണ്ടര വര്‍ഷത്തിനപ്പുറം കാറ്റ് മാറി. തന്നെ ഇറക്കി വിട്ട എവിഎം സ്റ്റുഡിയോയുടെ മുതലാളിയുടെ തന്നെ ഇറ്റാലിയന്‍ നിര്‍മിത ഫിയറ്റ് കാറ് രജനികാന്ത് വാങ്ങി. നാലേ കാല്‍ ലക്ഷമായിരുന്നു കാറിന്റെ വില.
”എനിക്ക് അഭിമാനം തോന്നി. ഞാന്‍ താമസിച്ചിരുന്ന തെരുവില്‍ ആ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോലും ഇടമില്ലായിരുന്നു. ഫോറിന്‍ കാര്‍ വാങ്ങിയതിനാല്‍ ഡ്രൈവറും ഫോറിനായിരിക്കണമെന്ന് തോന്നി. അങ്ങനെ ആംഗ്ലോ-ഇന്ത്യന്‍ ആയ റോബിന്‍സണ്‍ എന്ന ഡ്രൈവറേയും കണ്ടെത്തി. ബെല്‍റ്റും തൊപ്പിയുമൊ ക്കെയുള്ള യൂണിഫോമും തയ്പ്പിച്ചുകൊടുത്തു” രജനി പറയുന്നു. ഇനി, റിവഞ്ചിനുള്ള സമയമാണ്.
”വണ്ടി എവിഎം സ്റ്റുഡിയോയിലേക്ക് വിടാന്‍ റോബിന്‍സണിനോട് ആവശ്യപ്പെട്ടു. കാലിന് മേല്‍ കാല്‍ വച്ച് ഞാന്‍ സ്റ്റുഡോയോയിലേക്ക് കാറില്‍ പോയി. കാര്‍ നേരെ കൊണ്ടു പോയി ആ നിര്‍മാതാവ് പാര്‍ക്ക് ചെയ്യുന്നിടത്ത് തന്നെ പാര്‍ക്ക് ചെയ്തു. കാറില്‍ നിന്നുമിറങ്ങി നിന്ന് ഞാന്‍ രണ്ട് സിഗരറ്റ് വലിച്ചു. എല്ലാവരും കരുതിയത് ഗവര്‍ണര്‍ വന്നുവെന്നാണ്. അതിന് ശേഷം ഞാന്‍ കെ ബാലചന്ദ്രറിനെ കാണാന്‍ അര്‍വാര്‍പേട്ടിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി” എന്നാണ് രജനികാന്ത് പറയുന്നത്.
0 Comments