വിദ്യാരംഭത്തിന് ഇനി രണ്ടുനാള്‍, ഇന്ന് ദുര്‍ഗാഷ്ടമി....പ്രാധാന്യം അറിയാം…



ദേവീ ഉപാസനയുടെ പൂര്‍ണതയിലെത്തുന്ന ദുര്‍ഗാഷ്ടമി ഇന്ന്. തിങ്കളാഴ്ച ചിലയിടത്ത് പൂജവെച്ചെങ്കിലും ചൊവ്വാഴ്ചയും പൂജവെപ്പ് തുടരും. നവരാത്രിയിലെ പ്രധാന ദിനമായ മഹാനവമി ബുധനാഴ്ചയാണ്. വ്യാഴാഴ്ച രാവിലെ പൂജയെടുപ്പിനുശേഷം വിദ്യാരംഭം ആരംഭിക്കും. എല്ലായിടത്തും കുട്ടികളെ എഴുത്തിനിരുത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

വീടുകളിലും ക്ഷേത്രങ്ങളിലും പൂജവയ്ക്കുന്നതിനു പുറമേ കച്ചവടസ്ഥാപനങ്ങള്‍, തൊഴില്‍കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും ആയുധപൂജയും പതിവുണ്ട്. പുസ്തകം, പേന എന്നിവയ്ക്കുപുറമേ പണിയായുധങ്ങള്‍, വാഹനങ്ങള്‍ എന്നിവയും പൂജിക്കാറുണ്ട്. 


ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍, പൂജാരിമാര്‍ എന്നിവരും ആചാര്യന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും വിദ്യാരംഭത്തിനു നേതൃത്വം നല്‍കും. അക്ഷരമെഴുത്തിനു തുടക്കംകുറിക്കുന്നതിനൊപ്പം സംഗീതം, കലകള്‍, ചിത്രരചന എന്നിവയ്ക്കും വിജയദശമിക്കു തുടക്കമാകും.ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുര്‍ഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. തൊഴിലാളികളും കരകൗശലവിദഗ്ധരും എല്ലാം തന്നെ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കണം. 



സാധാരണ ഗതിയില്‍ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാല്‍ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്.വീട്ടില്‍ പൂജ വെക്കുമ്പോള്‍ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെക്കാന്‍.അഷ്ടമി കഴിഞ്ഞാല്‍ പിന്നെ വരുന്നത് മഹാനവമിയാണ്. മഹാനവമി ദിവസം ആയുധ പൂജ നടത്തണം. അന്ന് നവദുര്‍ഗ്ഗമാരില്‍ ഒമ്പതാമത്തെ ഭാവമായ സിദ്ധിദാത്രിയെ ആണ് ഭജിക്കുന്നത്. 


ഈ ദിവസം, ആചാരാനുഷ്ഠാനങ്ങളുടെയും സമ്പൂര്‍ണ്ണ ഭക്തിയുടെയും സഹായത്തോടെ ആത്മീയ പരിശീലനം നടത്തുന്ന ഒരു ഭക്തന്‍ എല്ലാ നേട്ടങ്ങളും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ഇന്ദ്രിയങ്ങളും ദേവിയില്‍ കേന്ദ്രീകരിച്ച് ദേവിയുമായി ലയിച്ച് താദാദ്മ്യത്തില്‍ എത്താന്‍ ശ്രമിക്കണം.


അതിനു ശേഷമാണ് വിജയദശമി. ഒമ്പതു ദിനരാത്രങ്ങള്‍ നിറഞ്ഞു നിന്ന കഠിന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments