ഉണ്ണിക്കണ്ണന്‍മാര്‍ വീഥികള്‍ കൈയ്യടക്കി; കൃഷ്ണ ഭക്തിയില്‍ ലയിച്ച് പാലായില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍....
ഭഗവാന്‍ ശ്രീകൃഷ്ണന്റെ സ്മരണകളുണര്‍ത്തി നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. ഗ്രാമ-നഗര ഭേദമില്ലാതെ എവിടെയും പീതാംബരമണിഞ്ഞ ഉണ്ണിക്കണ്ണന്‍മാരും ശ്രീകൃഷ്ണ-രാധമാരും നിറഞ്ഞാടിയ വീഥികള്‍ മധുരാപുരിയും അമ്പാടിയുമായുമായി.
'ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ' എന്ന ജന്‍മാഷ്ടമി സന്ദേശം ഉയര്‍ത്തി ബാലഗോകുലം സുവര്‍ണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വര്‍ഷം വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലാണ് ശോഭായാത്രകള്‍ നടന്നത്.
പാലായില്‍ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയില്‍ ഇടയാറ്റ് ബാലഗണപതിക്ഷേത്രം, പന്ത്രണ്ടാംമൈല്‍ നരസിംഹസ്വാമി ക്ഷേത്രം, മുരിക്കുംപുഴ ദേവി ക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, പോണാട് ഭഗവതി ക്ഷേത്രം, കരൂര്‍, പാറപ്പള്ളി ഗരുഡത്തുമന ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പാലാ മഹാറാണി കവലയില്‍ സംഗമിച്ച് മഹാ ശോഭായാത്രയായി നഗരംചുറ്റി വൈകിട്ട് മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടി, പാല്‍പായസ വിതരണം, ഗോപികാനൃത്തം എന്നിവ നടന്നു.
വീഡിയോ ഇവിടെ കാണാം 👇👇👇
ശോഭായാത്രകള്‍ക്ക് ബാലഗോകുലം ജില്ലാസമിതിയംഗം റ്റി.എന്‍.രഘു ഇടയാറ്റ്, പ്രശാന്ത് കടപ്പാട്ടൂര്‍, മിഥുന്‍ കൃഷ്ണ, വിവിധ സ്ഥലങ്ങളിലെ കണ്‍വീനര്‍മാരായ വി.സി. ചന്ദ്രന്‍, മായാ മോഹന്‍, വിനോദ് പുന്നമറ്റം, സുധീര്‍ കമലാനിവാസ്, ജിലു കല്ലറയ്ക്കതാഴെ, കെ.എസ്.ഗിരീഷ്, അഭിലാഷ് രാജ്, കെ.എം.പ്രസീത്, സുനീഷ് വെള്ളാപ്പാട്, സതീഷ്‌കുമാര്‍, കണ്ണന്‍ ചെത്തിമറ്റം,
എം.ആര്‍.ബിനു, എം.ആര്‍.രാജേഷ്, ടി.പി.ഷാജി, വിനോദ് പോണാട്, സുര്യന്‍ വെള്ളിയേപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നെച്ചിപ്പുഴൂര്‍ ശ്രീഭദ്രാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജന്‍മാഷ്ടമി ആഘോഷങ്ങള്‍ നടത്തി. ഉച്ചകഴിഞ്ഞ് 3 ന് വായനശാല ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര കെ.പി.എം.എസ് മീനച്ചില്‍ യൂണിയന്‍ ട്രഷറര്‍ സന്തോഷ് കൊട്ടാരം പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സന്നിധിയില്‍ നാരായണീയ പാരായണം, പ്രസാദ വിതരണം, ഉറിയടി, ഗോപികാ നൃത്തം എന്നിവ ഉണ്ടായിരുന്നു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷ ലളിതാംബിക ജന്‍മാഷ്ടമി സന്ദേശം നല്‍കി.
ഐങ്കൊമ്പ് പാറേക്കാവ്, ഏഴാച്ചേരി ആശ്രമം, കൊല്ലപ്പള്ളി എന്നിവിടങ്ങളിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടന്നു.


0 Comments