വാക്ക് പാലിച്ച് റോഷ്ണി തോംസൺ കവീക്കുന്ന് സ്കൂളിൽ
അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികൾക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടർന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. റോഷ്ണിയുടെ ഭർത്താവ് മുണ്ടത്താനത്ത് അഭിലാഷ് ജോസ് ബാല്യകാല വിദ്യാഭ്യാസം നടത്തിയത് കവീക്കുന്ന് സ്കൂളിലായിരുന്നു.
സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിൽ കവീക്കുന്ന് സ്കൂളിലെ കുട്ടികൾ റോഷ്ണി തോംസണുമായി നടത്തിയ അഭിമുഖം ഉൾപ്പെടുത്തിയിരുന്നു. അന്ന് കവീക്കുന്ന് സ്കൂളിൽ ഒരിക്കൽ എത്തിച്ചേരുമെന്ന് കുട്ടികൾക്കു വാക്കും നൽകിയിരുന്നു. ഈ വാക്ക് പാലിക്കാൻ കൂടിയായിരുന്നു റോഷ്ണിയുടെ സന്ദർശനം. ഇത് കുട്ടികൾക്കു പ്രചോദനവും ആവേശവും പകർന്നു.
സ്കൂളിൻ്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ സജി ജോസഫ് വിശദീകരിച്ചുകൊടുത്തു. സ്കൂളിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'കൈറ്റ്സ്' എന്ന എന്ന ഹൃസ്വസിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവച്ചു. സ്കൂളിലെ വിദ്യാർത്ഥികളോട് പൂർവ്വ വിദ്യാർത്ഥികൂടിയായ അഭിലാഷും റോഷ്ണിയും ബാല്യകാല സ്മരണകൾ പങ്കുവച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്കൂളിനെ റോഷ്ണി തോംസൺ അനുമോദിച്ചു.
ഇവക്കൊപ്പം മക്കളായ ആമി, നോറ എന്നിവരും ഉണ്ടായിരുന്നു. റോഷ്ണി തോംസണിൻ്റെ അഭിമുഖം ഉൾപ്പെടുത്തിപ്പുറത്തിറക്കിയ ശതാബ്ദി സ്മാരക സ്മരണിക പൂർവ്വ വിദ്യാർത്ഥിയും ചീഫ് എഡിറ്ററുമായ എബി ജെ ജോസ് സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ സജി ജോസഫ്, ശാലിനി ജോയി, ജോബിൻ ആർ തയ്യിൽ, അജിമോൾ എസ്, അബി സിബി, ഐറിന ടോണി, ജെറോൺ ജസ്റ്റിൻ, ദിയാ സോണി, വിനായക് വിപിൻ എന്നിവർ പ്രസംഗിച്ചു.




0 Comments