നഷ്ടപ്പെട്ട സ്വർണമാല ദിവസങ്ങൾക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി പാലാ പൊലീസ് മാതൃകയായി ..... മാല കിട്ടിയവർ അത് വിറ്റ് കാർ വാങ്ങി.... എന്നിട്ടും വിട്ടില്ല പാലാ പൊലീസ് .... സംഭവ ബഹുലമായ കഥ ഇങ്ങനെ
സുനിൽ പാലാ
നഷ്ടപ്പെട്ട സ്വർണമാല ദിവസങ്ങൾക്കകം കണ്ടെത്തി യഥാർഥ ഉടമയ്ക്ക് തന്നെ തിരികെ നൽകി മാതൃകാപരമായ സേവനമികവ് തെളിയിച്ച് പാലാ പോലീസ്.
പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പോലീസ്, തുടർച്ചയായ ശാസ്ത്രീയ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും ഉരുക്കപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്ന മാല സംരക്ഷിച്ചാണ് ഉടമയുടെ കൈകളിലെത്തിച്ചത്.
എസ്.എച്ച്.ഒ ദിലീപ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിനോദ് കുമാറും പ്രൊബേഷൻ എസ്.ഐ ഗോകുലും ചേർന്നാണ് അന്വേഷണം നയിച്ചത്.
സംഭവം ഇങ്ങനെ ; പാലാ ടൗണിൽ കൂടി പോയ ഒരു സ്ത്രീയുടെ മാല കൊളുത്ത് ഊരി നിലത്തു വീഴുന്നു . സ്ത്രീ ഇത് അറിഞ്ഞില്ല .
പിന്നാലെ വന്ന ഒരു അമ്മയും മകനും ചേർന്ന് ഈ മാല എടുത്തുകൊണ്ടു പോയി.
സംഭവസ്ഥലത്തിനും പരിസരത്തുമുള്ള നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച്, മാല ലഭിച്ച സ്ത്രീയുടെ യാത്രാമാർഗം കണ്ടെത്തുകയും തുടർന്ന് വിവിധ സ്ഥാപനങ്ങളിലെയും ബസിലെയും സി.സി.ടി.വി ദൃശ്യങ്ങൾ, ബസ് ജീവനക്കാരുടെ മൊഴികൾ, പ്രദേശവാസികളുടെ വിവരങ്ങൾ എന്നിവ സമന്വയിപ്പിച്ച് മാലയെടുത്ത സ്ത്രീയുടെയും മകൻ്റേയും വീട്ടിലെത്തുകയും ചെയ്തു.
അന്വേഷണത്തിൽ, സ്ത്രീ മാല ഒരു സ്ഥാപനത്തിൽ വിറ്റതായും ലഭിച്ച തുകയിൽ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയതായും വ്യക്തമായി. വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്വർണം ഉരുക്കുന്ന നടപടി നിർത്തിവെപ്പിക്കുകയും ബന്ധപ്പെട്ടവരെ സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.
ഉരുക്കുന്നതിനായി ചൂടാക്കിയിരുന്ന മാല പോലീസ് സമയോചിതമായി ഇടപെട്ട് സംരക്ഷിച്ചതോടെ, നഷ്ടപ്പെട്ട അതേ മാല തന്നെ ഉടമയ്ക്ക് തിരികെ നൽകാൻ സാധിച്ചു.
പരാതി ലഭിച്ച നിമിഷം മുതൽ ഓരോ സൂചനയും ഗൗരവത്തോടെ പിന്തുടർന്ന്, ഒരു ഘട്ടത്തിലും അന്വേഷണം അവസാനിപ്പിക്കാതെ മുന്നോട്ടുപോയ എസ്.ഐ വിനോദ് കുമാറിന്റെയും പ്രൊബേഷൻ എസ്.ഐ ഗോകുലിന്റെയും ആത്മാർഥതയും കർത്തവ്യനിഷ്ഠയുമാണ് ഈ വിജയത്തിന് പിന്നിൽ. നിതാന്ത ജാഗ്രതയോടെ അന്വേഷണം നടത്തി മാല കണ്ടെത്തി ഉടമസ്ഥയെ തിരികെ ഏൽപ്പിച്ച പാലാ പൊലീസിൻ്റെ നടപടിയെ ഉന്നത പൊലീസ് അധികാരികൾ അഭിനന്ദിച്ചു.
70 12 23 03 34

.jpg)


0 Comments