നിക്ഷേപക ധർണ്ണ സർക്കാരിനുള്ള താക്കീത്
സഹകരണ സംഘങ്ങളിൽ ധനം നിക്ഷേപിച്ച് തട്ടിപ്പിനിരയായവരുടെ പ്രതിഷേധ ധർണ്ണ സർക്കാരിനുള്ള ശക്തമായ താക്കീത് കൂടിയാണെന്ന് എ. കെ. സി. ഡി. എഫ്. സംസ്ഥാന പ്രസിഡന്റ് പി.എ. തോമസ് .
സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവന്റെ ഏറ്റുമാനൂർ ഉള്ള ഓഫീസിനു മുന്നിൽ സംഘടിച്ച ശേഷം വാഹനജാഥയായി എത്തിയ പ്രതിഷേധക്കാർ കോട്ടയം പോലീസ് ഗ്രൗണ്ടിൽ നിന്ന് കാൽനട ജാഥയായി കളക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ അവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിക്ഷേപ രംഗത്തെ അഴിമതികളിൽ അന്വേഷണം നടത്താനോ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനോ 1969 മുതൽ മാറിമാറി വന്ന സർക്കാരുകൾ മുതിർന്നിട്ടില്ല. കഴിഞ്ഞ പത്തുവർഷത്തെ മാത്രം അപഹരണം 1850 കോടി രൂപയുടേതാണെന്ന് സഹകരണ വകുപ്പ് മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ അഴിമതിക്കാർ കൂടെയുള്ളവർ ആയതിനാൽ ആവാം മൗനം പാലിക്കുന്നത് എന്നു സംശയിക്കണം.
നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് വാഗ്ദാനം ചെയ്യുമ്പോഴും നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയും ഇൻഷുറൻസും ഉറപ്പാക്കുന്നെങ്കിലും അതിന്റെ ഗുണം നിക്ഷേപകർക്ക് ലഭിക്കുന്നില്ല. നിക്ഷേപമോ പലിശ പോലുമോ ലഭിക്കാതെ കഷ്ടപ്പെടുന്ന ആൾക്കാരുടെ ദുരിതത്തിന് അറുതി വരുത്താൻ ഈ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അടുത്തുവരുന്ന തെരഞ്ഞെടുപ്പിൽ അതിനു ചുട്ട മറുപടി നൽകാൻ നിക്ഷേപകർ മടിക്കില്ലെന്ന് തുടർന്നു സംസാരിച്ച പ്രൊഫസർ നെടുംകുന്നം രഘുദേവ് ,റോയ് വെള്ളരിങ്ങാട്ട് എന്നിവർ ഓർമിപ്പിച്ചു. എ.സി. ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിനു മാത്യൂസ് സ്വാഗതം പറഞ്ഞു.




0 Comments