ചികിത്സ തേടിയെത്തിയ 73-കാരൻ്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം.


 ചികിത്സ തേടിയെത്തിയ 73-കാരൻ്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം. 

പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിക്കെതിരെയാണ് വയോധികന്റെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ആലപ്പുഴ നൂറനാട് സ്വദേശി പങ്കജാക്ഷനാണ് ടി.എം.ടി (Treadmill Test) ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി മരണപ്പെട്ടത്. പങ്കജാക്ഷനെ ടി.എം.ടി പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് മുൻപ് നടത്തിയ ഇസിജി , എക്കോ ടെസ്റ്റുകളിൽ വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. 


ഹൃദയമിടിപ്പിൽ വ്യതിയാനം കണ്ടെത്തിയിട്ടും അത് അവഗണിച്ച് ഡോക്ടർമാർ ടി.എം.ടി പരിശോധനയുമായി മുന്നോട്ട് പോയതാണ് മരണത്തിന് കാരണമായതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. കഴിഞ്ഞ മാസം 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് പങ്കജാക്ഷന്റെ ബന്ധുവും പരാതിക്കാരിയുമായ ജ്യോതിശ്രീ ഉണ്ണിത്താൻ വ്യക്തമാക്കി.


 അതേസമയം, കുടുംബം ഉന്നയിച്ച ചികിത്സാ പിഴവ് ആരോപണങ്ങൾ പൂർണ്ണമായും തള്ളി പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രി അധികൃതർ രംഗത്തെത്തി. ടി.എം.ടി പരിശോധനയ്ക്ക് തൊട്ടുമുൻപ് നടത്തിയ പ്രാഥമിക പരിശോധനകളിൽ യാതൊരുവിധ പ്രശ്നങ്ങളും കണ്ടെത്തിയിരുന്നില്ല. ചികിത്സ നൽകുന്നതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments